News - 2025

ഇന്ന് ലോകം ഒരു മിനിറ്റ് നിശ്ചലമാകും: ഒരു മണിക്ക് ഒരു മിനിറ്റ് പ്രാർത്ഥിക്കാൻ മാർപാപ്പയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 08-06-2016 - Wednesday

വത്തിക്കാന്‍: ഇന്ന്, ജൂണ്‍ എട്ടാം തീയതി ഉച്ചക്ക് ഒരു മണിക്ക്, ഒരു മിനിറ്റ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ലോകമെമ്പാടും ഇത്തരത്തില്‍ ഒരു മിനിറ്റ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതിനുള്ള ക്രമീകരണം വത്തിക്കാനില്‍ നിന്നും ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ രണ്ടാം വാര്‍ഷികം കൂടിയാണ് ഈ വട്ടം നടത്തപ്പെടുക. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്, പാലസ്തീന്‍ നേതാവ് അബു മാസന്‍ എന്നിവര്‍ക്കൊപ്പം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കും. ആഗോളതലത്തില്‍ കത്തോലിക്ക സഭയുടെ വിവിധ ഏജന്‍സികള്‍ വഴിയാണ് ഒരു മിനിറ്റ് സമാധാനത്തിനായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

പ്രാര്‍ത്ഥന നടക്കുന്ന ഉച്ചക്ക് ഒരു മണിക്ക് ആളുകള്‍ എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലൂം തുടങ്ങി വിവിധ സ്ഥലത്തു നിന്നും ജനങ്ങള്‍ ഒരു മിനിറ്റ് ദൈവത്തോട് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കും. ടോങ്കാ ദ്വീപുകളിലായിരിക്കും ആദ്യമായി പ്രാര്‍ത്ഥന നടത്തപ്പെടുക. 'വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് ആക്ഷന്‍ വുമണ്‍ ഓര്‍ഗനൈസേഷനാണ്' ദ്വീപിന്റെ തലസ്ഥാനമായ 'നുക്കുഅലോഫയില്‍' ഉച്ചക്ക് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുക. ഇറ്റലിയില്‍ ഈ സമയം ജൂണ്‍ എട്ടാം തീയിതി ആരംഭിക്കുകയേ ഉള്ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തിനായി തുടര്‍ച്ചയായി പ്രാര്‍ത്ഥന നടത്തപ്പെടുന്നുവെന്ന പ്രത്യേകതയും ഈ പ്രാര്‍ത്ഥനാ ശൃംഖലയ്ക്ക് ഉണ്ട്.

അര്‍ജന്റീനയില്‍ ഉച്ചക്ക് ഒരു മണിക്ക് ദേവാലയങ്ങളിലെ മണികള്‍ കൂട്ടമായി മുഴക്കും. ഇതിനെ തുടര്‍ന്നാണ് ഇവിടെ പ്രാര്‍ത്ഥന നടത്തുക. ഇസ്ലാമിക് സെന്റര്‍ ഓഫ് അര്‍ജന്റീനയും മാര്‍പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനയുടെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒരു സംഘം യുവാക്കളായിരിക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ പ്രധാനമായും എത്തുക. ബെത്‌ലഹേമില്‍ പ്രാദേശിക കത്തോലിക സഭയുടെ പ്രാര്‍ത്ഥന ഈ സമയത്ത് നേറ്റിവിറ്റി ഗ്രോട്ടോയുടെ മുന്നില്‍ നടക്കും.

സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ അഭ്യര്‍ത്ഥന ഈ വട്ടം 30 ഭാഷകളില്‍ ലഭ്യമാണ്. അഭയാര്‍ത്ഥികളേയും യുദ്ധം മൂലം ബുദ്ധിമുട്ടുന്നവരേയും ഭവനം നഷ്ടപ്പെട്ടവരെയും എല്ലാം ഈ വര്‍ഷം പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കും. ഇവരോടെല്ലാമുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കല്‍ കൂടിയായി ഈ തവണത്തെ സമാധാനത്തിനായുള്ള ഒരു മിനിറ്റ് പ്രാര്‍ത്ഥന മാറും.

More Archives >>

Page 1 of 46