Purgatory to Heaven. - June 2025
തോബിത്തിന്റെ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥനകള്‍ റഫായേല്‍ മാലാഖയെ പ്രീതിപ്പെടുത്തിയപ്പോള്‍
സ്വന്തം ലേഖകന്‍ 13-06-2024 - Thursday
“നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു” (തോബിത്ത് 12:12).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-13
ദൈവഭക്തനായിരുന്ന തോബിത്ത് പലപ്പോഴും മരിച്ചവരെ അടക്കം ചെയ്യാറുണ്ടായിരുന്നുവെന്ന് തോബിത്തിന്റെ പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. യഹൂദരുടെ ശത്രുക്കളെ പോലും അദ്ദേഹം അടക്കം ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അപ്രകാരം ചെയ്യുന്നതിനായി അദ്ദേഹം തന്റെ അത്താഴത്തിനിടയില്‍ നിന്നും പോലും എഴുന്നേറ്റ് പോയി. ദൈവത്തിന്റെ പ്രധാനദൂതനായ റഫായേല്‍ മാലാഖ തോബിത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തിയില്‍ വളരെയേറെ സന്തുഷ്ടനായി. അതിനാല്‍ റഫായേല്‍ മാലാഖ തോബിത്തിന്റെ മകനെ അവന്റെ ദൗത്യത്തില്‍ സഹായിക്കുകയും, വൃദ്ധനായ തോബിത്തിന്റെ കാഴ്ച തിരിച്ച് നല്‍കുകയും ചെയ്തു. തോബിത്തിന്റെ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥനകളും, മരിച്ചവരെ അടക്കം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളും തന്നെ ഒരുപാട് പ്രീതിപ്പെടുത്തിയതിനാല്‍ താന്‍ സ്വയം തോബിത്തിന്റെ പ്രാര്‍ത്ഥനകളെ ദൈവത്തിന്റെ തിരുമുന്‍പാകെ സമര്‍പ്പിക്കുമെന്നുള്ള ബോധ്യവും റഫായേല്‍ മാലാഖ തോബിത്തിന് നല്‍കി.
വിചിന്തനം:
നമ്മുടെ കാവൽ മാലാഖമാര്‍ നമുക്ക് നല്‍കിയ സ്നേഹത്തെ പ്രതി നമുക്ക് അവരോട് നന്ദി പറയാം. അവരുടെ കണ്ണുകള്‍ ഒരിക്കലും നമ്മില്‍ നിന്നും മാറ്റുന്നില്ല. കാവൽ മാലാഖമാരോടുള്ള പ്രാര്‍ത്ഥന ചൊല്ലുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.