Faith And Reason - 2024
'റോസറി ഫോര്‍ ലെബനോന്‍': പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ലോകമെമ്പാടും നിന്നും പങ്കെടുത്തത് 11,000 പേര്‍
പ്രവാചകശബ്ദം 27-07-2021 - Tuesday
ബെയ്റൂട്ട്: ബെയ്റൂട്ടിലുണ്ടായ സ്ഫോടനവും, മഹാമാരിയും, പ്രക്ഷോഭവും മൂലം കടുത്ത സാമൂഹ്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനോന് വേണ്ടി ‘ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ മിഷണറി അനിമേഷന്‍’ (സി.ഐ.എ.എം) സംഘടിപ്പിച്ച ‘റോസറി ഫോര്‍ ലെബനോന്‍’ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ഓണ്‍ലൈനിലൂടെ തത്സമയം പങ്കെടുത്തത് ലോകമെമ്പാടുമുള്ള 11,000 വിശ്വാസികള്‍. ലെബനോനിലെ സന്യാസിയായിരുന്ന വിശുദ്ധ ചാര്‍ബെലിന്റെ തിരുനാള്‍ ദിനമായ ജൂലൈ 24നായിരുന്നു പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. “ലെബനോന്‍ ജനതയേയും, നേതാക്കളേയും, കുടുംബങ്ങളെയും, കഷ്ടത അനുഭവിക്കുന്നവരെയും അങ്ങയുടേയും, പരിശുദ്ധ കന്യകാമാതാവിന്റേയും ഹൃദയത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നീതിയിലും, സമാധാനത്തിലും, സത്യസന്ധതയിലും, സുതാര്യതയിലും ജീവിക്കാനുള്ള കൃപ ലെബനോൻ ജനതയ്ക്ക് നല്‍കണമേ” എന്ന നിയോഗവുമായിരിന്നു പ്രാര്‍ത്ഥന നടത്തപ്പെട്ടത്.
ലെബനോന് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇക്കഴിഞ്ഞ ജൂലൈ 1ന് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ദിനാചരണത്തിന് ശേഷം ഉടലെടുത്ത ‘ഫ്രണ്ട്സ് ഓഫ് ലെബനോന്‍’ എന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് യൂ ട്യൂബ് ചാനലിലൂടെയുള്ള തത്സമയ സംപ്രേഷണം ഒരുക്കിയത്. ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. തുറമുഖ നഗരമായ ബെയ്റൂട്ടിനെ തകര്‍ത്ത കഴിഞ്ഞവര്‍ഷത്തെ വിനാശകരമായ സ്ഫോടനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 4 വരെ നീളുന്ന തുടര്‍ച്ചയായ 33 ദിവസത്തെ ജപമാല യജ്ഞത്തിന്റെ ഭാഗമായാണ് ‘റോസറി ഫോര്‍ ലെബനോന്‍’ സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
പൊന്തിഫിക്കല്‍ മിഷണറി യൂണിയന്റെ സെക്രട്ടറി ജനറലും, സി.ഐ.എ.എം ഡയറക്ടറുമായ ഫാ. ദിന്‍ അന്‍ ന്‍ഹ്യു ങ്ങുയെന്‍ “സാര്‍വത്രിക സഭയുടെ അഗാധമായ ആത്മീയതയുടേയും, കൂട്ടായ്മയുടേയും തീവ്രനിമിഷം” എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. ലെബനോന് സമാധാനവും, മോക്ഷവും പ്രദാനം ചെയ്യുന്ന അനേകായിരങ്ങളുടെ ഹൃദയങ്ങളുടെ ഐക്യം അനുഭവിച്ചറിയുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി യൂ ട്യൂബ് ചാനലിലൂടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫാ. ദിന്‍ അന്‍ ന്‍ഹ്യു കൂട്ടിച്ചേര്‍ത്തു. ബെയ്റൂട്ടിലെ ലത്തീന്‍ അപ്പസ്തോലിക വികാരിയത്തിന്റെ മെത്രാനായ സെസാര്‍ എസ്സായെന്റെ ആശീര്‍വാദത്തോടെയാണ് പ്രാര്‍ത്ഥനാ കൂട്ടായ്മ അവസാനിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക