Seasonal Reflections - 2024

ബർണാഡ് ദിനത്തിലെ ചില യൗസേപ്പു ചിന്തകൾ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 20-08-2021 - Friday

ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്സ്സ്റ്റേറ്റർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ് പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതു വഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാഡിൻ്റെ ചില ജീവിത ദർശനങ്ങൾ ആകട്ടെ.

നന്ദിയില്ലായ്മ ആത്മാവിൻ്റെ ശത്രുവാണ്. സ്നേഹത്തിൻ്റെ ഉറവിടത്തേയും കാരുണ്യത്തിൻ്റെ മഞ്ഞിനെയും കൃപയുടെ ഉറവകളെയും ഉണക്കുന്ന ഉഷ്ണക്കാറ്റാണ് നന്ദികേട് എന്നു ബർണാർഡ് പഠിപ്പിക്കുന്നു. കൃതജ്ഞത ജിവിതത്തിൻ്റെ ജീവരസമാക്കിയ മനുഷ്യനായിരുന്നു യൗസേപ്പിതാവ്. അതിനാൽ സ്നേഹവും കാരുണ്യവും അവനിൽ നിന്നു ധാരാളമായി പ്രവഹിച്ചു. ദൈവത്തോടും ദൈവം ഭരമേല്പിച്ചവരോടും കൃതജ്ഞത പുലർത്തിയ യൗസേപ്പിനെ സ്വർഗ്ഗത്തിൽ അനുഗ്രഹങ്ങളുടെ വിതരണക്കാരനായി ഉയർത്തി.

ദൈവത്തിന്റെ രൂപം നിങ്ങളിൽ പുനർജനിക്കുമ്പോൾ ദൈവം നിങ്ങളിൽ ദൃശ്യമാകും എന്നത് ബർണാഡിൻ്റെ മറ്റൊരു പ്രബോധനമാണ്. ദൈവത്തിൻ്റെ കാരുണ്യവും സ്നേഹവും യൗസേപ്പിതാവിൽ സദാ പുനർജനിച്ചപ്പോൾ ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി ആകാൻ അവനു തെല്ലും ക്ലേശിക്കേണ്ടി വന്നില്ല.

ഈശോ എനിക്ക് വായിൽ തേനും ചെവിയിൽ സംഗീതവും ഹൃദയത്തിൽ ഒരു ഗാനവുമാണ്. ക്രിസ്തുവിജ്ഞാനത്തിൽ അവഗാഹം തേടിയിരുന്ന വിശുദ്ധ ബർണാഡിൻ്റെ മറ്റൊരം ഉൾക്കാഴ്ചയാണിത്. ജിവിതത്തിൻ്റെ സകല മേഖലകളിലും ഈശോയെ പ്രതിഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംതൃപ്തിയുടെ പ്രകടമായ ആവിഷ്ക്കാരമാണ് ഈ വാക്യം. ഈശോയിൽ സംതൃപ്തി കണ്ടെത്തിയ യൗസേപ്പിതാവിലും ഈ ആത്മസംതൃപ്തി നമുക്കു കണ്ടെത്താൻ കഴിയും

More Archives >>

Page 1 of 26