Faith And Reason - 2024

ദൈവമാതാവിന്റെ മാധ്യസ്ഥം തേടി അമേരിക്ക: ജപമാല റാലി മറ്റന്നാള്‍

പ്രവാചകശബ്ദം 08-10-2021 - Friday

വാഷിംഗ്ടൺ ഡി.സി.: ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ഞായറാഴ്ച ജപമാല റാലി നടക്കും. മനുഷ്യ ജീവന്‍ എല്ലാ അവസ്ഥകളിലും സംരക്ഷിക്കപ്പെടുവാനും വിവാഹത്തിന്റെയും കുടുംബങ്ങളുടെയും പരിശുദ്ധിയും ഭരണഘടനാപരമായ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുവാനുമാണ് "റോസറി കോസ്റ്റ് ടു കോസ്റ്റ്" ഭാഗമായി റാലി നടക്കുക. ഇത് ദേശീയതലത്തിൽ നടക്കുന്ന അഞ്ചാമത്തെ റാലിയാണ്. ഞായറാഴ്ച ഇതേ സമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജപമാല റാലികൾ സംഘടിപ്പിക്കപ്പെടും.

"റോസറി കോസ്റ്റ് ടു കോസ്റ്റ്" എന്ന പ്രസ്ഥാനമാണ് ജപമാല റാലിയുടെ മുഖ്യ സംഘാടകർ. രാജ്യത്തിനുവേണ്ടി നടത്തിവന്നിരുന്ന 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന പ്രാർത്ഥനകൾക്കും അന്ന് സമാപനമാകും. ഭ്രൂണഹത്യകളും, വിവാഹ ബന്ധങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് നൊവേന പ്രാർത്ഥനയും, ജപമാല റാലിയും സംഘടിപ്പിക്കുന്നതെന്ന് ഹോളി ലീഗ് എന്ന സംഘടനയുടെ അധ്യക്ഷനും, ജപമാല റാലിയിൽ സന്ദേശം നൽകി സംസാരിക്കാൻ നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാളുമായ ഫാ. റിച്ചാർഡ് ഹെയിൽമാൻ പറഞ്ഞു.

ജപമാല റാലി ഒരു രാഷ്ട്രീയ പരിപാടി അല്ലെന്നും, പ്രാർത്ഥനയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദിശ ഒരുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ക്യാപിറ്റോൾ ഹില്ലിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടു കൂടിയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. ഫിലാഡൽഫിയ അതിരൂപതയിലെ മെത്രാനായ ജോസഫ് കോഫി, പ്രമുഖ എഴുത്തുകാരനായ ഫാ. ഡൊണാൾഡ് കാലോവേ, പ്രോലൈഫ് ആക്ടിവിസ്റ്റായ ഫാ. സ്റ്റീഫൻ ഇംബരാറ്റോ തുടങ്ങിയ പ്രമുഖരായ നിരവധിപേർ സന്ദേശം നൽകി സംസാരിക്കും.


Related Articles »