Faith And Reason - 2024
ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടി ജപമാല ചൊല്ലിയത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ
പ്രവാചകശബ്ദം 29-10-2021 - Friday
വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) സംഘടിപ്പിച്ച 'ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി' (പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നു) പരിപാടിയില്‍ പങ്കെടുത്ത് ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് കുട്ടികള്‍. ലോക സമാധാനത്തിനും ഐക്യത്തിനുമായുള്ള പ്രാര്‍ത്ഥനയില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂന്നുലക്ഷത്തോളം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും സ്കൂളുകളും, കൂട്ടായ്മകളും, കുടുംബങ്ങളുമായി രജിസ്റ്റര്‍ ചെയ്യാതെ പങ്കെടുത്തവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ ജപമാലയില്‍ പങ്കെടുത്തവരുടെ എണ്ണം വളരെയേറെ കൂടുതലാണെന്നു എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ എക്ലേസിയസ്റ്റിക്കല്‍ അസിസ്റ്റന്റായ ഫാ. മാര്‍ട്ടിന്‍ ബാര്‍ട്ടാ പറയുന്നു.
നിരവധി രാജ്യങ്ങളില്‍ ടിവിയിലൂടെയും, റേഡിയോയിലൂടെയും ജപമാല അര്‍പ്പണത്തിന്റെ തത്സമയ സംപ്രേഷണം നടന്നു. സ്വഭവനങ്ങളില്‍ ഇരുന്നുകൊണ്ട് തത്സമയ സംപ്രേഷണങ്ങളില്‍ പങ്കെടുത്തവരൂടെ എണ്ണവും നിരവധിയാണ്. ഓസ്ട്രേലിയയില്‍ സ്കൂളുകള്‍ മുഴുവനുമായാണ് 'ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി'യില്‍ പങ്കെടുത്തത്. സ്പെയിനില്‍ ഏതാണ്ട് നാല്‍പ്പതോളം സ്കൂളുകള്‍ ക്യാംപെയിനില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയയിലെ ഗായെപൊഡോങ് കത്തോലിക്ക സണ്‍ഡേ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കര്‍ദ്ദിനാള്‍ യോം സൂ-ജൂങ്ങും പങ്കുചേര്‍ന്നിരിന്നു.
കൂട്ടായ്മ വളരെ വിജയമായിരുന്നുവെന്നു ദക്ഷിണ കൊറിയയിലെ എ.സി.എന്‍ ഓഫീസ്, എ.സി.എന്‍ ഇന്റര്‍നാഷ്ണലിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഹെയ്തി, ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സമാനമായ സന്ദേശങ്ങള്‍ സംഘാടകര്‍ക്ക് ലഭിക്കുന്നുണ്ട്. ഏതാണ്ട് എഴുനൂറോളം കുട്ടികളാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ജപമാല അര്‍പ്പണത്തില്‍ പങ്കെടുത്തത്. 2005-ല്‍ ആരംഭിച്ച ഈ ജപമാല കാമ്പയിന്‍ ഇന്നും യാതൊരു മുടക്കവും കൂടാതെ നടന്നു വരികയാണ്.