Life In Christ

സുകുമാരകുറുപ്പിനോടും കൂട്ടുപ്രതികളോടും ക്ഷമിച്ച ചാക്കോയുടെ കുടുംബം: പനയ്ക്കലച്ചന്‍റെ ഇടപെടലില്‍ നടന്ന ആ കൂടിക്കാഴ്ച ഇന്നും ശ്രദ്ധേയം

പ്രവാചകശബ്ദം 17-11-2021 - Wednesday

കൊച്ചി: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ച് 'കുറുപ്പ്' എന്ന സിനിമ പുറത്തിറങ്ങിയതോടെ ചര്‍ച്ചയായി മാറിയിരിക്കുന്ന ചാക്കോവധക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൂടിക്കാഴ്ച നവമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രമുഖ വചനപ്രഘോഷകനും ഡിവൈന്‍ യു‌കെ ഡയറക്ടറുമായ ജോര്‍ജ്ജ് പനയ്ക്കലച്ചനോടൊപ്പം, ചാക്കോവധക്കേസിലെ രണ്ടാംപ്രതി ഭാസ്കരപിള്ളയെ സന്ദര്‍ശിച്ച ചാക്കോയുടെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നത്. സുകുമാരക്കുറുപ്പിനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന് ചാക്കോയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

2018 ജൂണ്‍ 30നാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവായ ഭാസ്കരപിള്ളയെ ചാക്കോയുടെ കുടുംബം ചെങ്ങന്നൂരിലെത്തി സന്ദര്‍ശിച്ചത്. മാധ്യമപ്രവർത്തകനായ കുര്യാക്കോസ് മുഖേന വീട്ടിലെത്തിയ ഡിവൈൻ ഡയറക്ടർ ഫാ.ജോർജ് പനയ്ക്കലിനോട‍ാണു ചാക്കോയുടെ ഭാര്യ ശാന്തമ്മ, സുകുമാരക്കുറുപ്പിനോടും മറ്റു പ്രതികളോടും ക്ഷമിക്കാനും അവരെ നേരിൽക്കാണാനുമുള്ള ആഗ്രഹം അറിയിച്ചത്. ഇതേ തുടര്‍ന്നു പനയ്ക്കലച്ചന്‍റെ ഇടപെടലില്‍ വിവരം രണ്ടാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്തബന്ധുവുമായ ഭാസ്കരൻപിള്ളയെ അറിയിച്ചു.

ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിനു സമീപം ഇരുകൂട്ടർക്കും തമ്മിൽ കണ്ടു സംസാരിക്കാൻ ഫാ. ജോര്‍ജ്ജ് പനയ്ക്കൽ അവസരമൊരുക്കി. "ചേട്ടനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്, ഒരു വിധ ദേഷ്യമോ വിദ്വേഷമോ പരിഭവം പോലുമോ ഞങ്ങൾക്കില്ല"- ചാക്കോയുടെ സഹോദരൻ ജോൺസൻ ഭാസ്കരൻപിള്ളയോടു പറഞ്ഞത് ഇപ്രകാരമായിരിന്നു. ശിക്ഷകഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയതിനെക്കാൾ സന്തോഷം, "ക്ഷമിച്ചു" എന്ന ശാന്തമ്മയുടെ വാക്കുകൾക്കാണെന്നു ഭാസ്കരൻപിള്ളയും പറഞ്ഞു. ഇന്നും പ്രതിയെ കുറിച്ച് ദുരൂഹതകളേറെയുള്ള ഒരു കേസില്‍ ക്രിസ്തീയ ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ ദൈവം ഉപകരണമാക്കിയത് പനയ്ക്കലച്ചനിലൂടെയായിരിന്നു.

1984 ജനുവരി 22-നാണ്‌ സമ്പന്നനാകാനുള്ള സുകുമാരക്കുറുപ്പിന്റെ അത്യാഗ്രഹത്തെ തുടര്‍ന്നു ഫിലിം റപ്രസന്റേറ്റീവ്‌ ചാക്കോ ദാരുണമായി കൊല്ലപ്പെട്ടത്‌. സുകുമാരക്കുറുപ്പും നഴ്‌സായ ഭാര്യയും ഗള്‍ഫിലായിരുന്നു. ഇതിനിടെ കുറുപ്പ്‌ എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തു. താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും പൊന്നപ്പനും സുകുമാരക്കുറുപ്പിന്റെ സഹായിയായ ഷാഹുവും ഗൂഢാലോചന നടത്തി. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ച്‌ കാറിലിട്ടു കത്തിക്കാനായിരുന്നു ആദ്യപദ്ധതി. പലവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു മൃതദേഹം സംഘടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വഴിയില്‍ വണ്ടി കാത്തു നിന്ന സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തുകയായിരിന്നു. കേസ് അന്വേഷണം മുറുകി പോലീസ് പിടിയില്‍ കൂട്ടുപ്രതികള്‍ പിടിയിലായപ്പോള്‍ മുങ്ങിയ സുകുമാരക്കുറുപ്പിനെ പിന്നെ കണ്ടെത്താന്‍ കേരള പോലീസിന് സാധിച്ചിട്ടില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »