News - 2025

മെഡ്ജുഗോറിയില്‍ വത്തിക്കാൻ പ്രതിനിധിയെ നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 28-11-2021 - Sunday

ബോസ്നിയ: ബോസ്‌നിയയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജുഗോറിയില്‍ ദീർഘകാല വത്തിക്കാൻ നയതന്ത്രജ്ഞനെ നിയമിച്ച് പാപ്പ. ദേവാലയത്തിന്റെ വികസനത്തിനു കര്‍മ്മപദ്ധതിയുമായി മാര്‍പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിനു നിയോഗിച്ച ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ ആർച്ച് ബിഷപ്പ് അൽഡോ കവല്ലിയെ പാപ്പ നിയമിച്ചത്. 2015 മുതൽ നെതർലൻഡ്‌സിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോയാണ് കവല്ലി. വടക്കൻ ഇറ്റാലിയൻ രൂപതയായ ബെർഗാമോയിൽ നിന്നുള്ള അദ്ദേഹം 1996 മുതല്‍ വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു വരികയാണ്.

2017-ൽ ആണ് ഫ്രാൻസിസ് മാർപാപ്പ മെഡ്ജുഗോറിയിലേക്ക് ആദ്യമായി പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത്. പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിനാണ് ഈ ദൌത്യം ലഭിച്ചത്. മരിയൻ പ്രത്യക്ഷീകരണങ്ങൾ നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ അജപാലന ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വവും വികസനത്തിനു കര്‍മ്മപദ്ധതിയുമായിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ഇക്കഴിഞ്ഞ ആഗസ്റ്റ് 13നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് ഹെന്‍റിക്ക് മെത്രാപ്പോലീത്ത. വ്യക്തമാക്കിയിരിന്നു.

More Archives >>

Page 1 of 717