India - 2024

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു

16-12-2021 - Thursday

തിരുവനന്തപുരം: 14, 15 തീയതികളില്‍ പട്ടം കാതോലിക്കാ സെന്‍ററില്‍ നടന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സൂനഹദോസ് സമാപിച്ചു. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭ ആസ്ഥാനം സന്ദര്‍ശിച്ചതു പ്രതീക്ഷകള്‍ നല്കുന്നുവെന്നും മാര്‍ത്തോമ ശ്ലീഹായുടെ ശ്ലൈഹിക പാരന്പര്യം നമുക്ക് നല്കുന്ന ബന്ധത്തില്‍ മുന്നേറാന്‍ പരിശ്രമിക്കണമെന്നും കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.

വിവിധ സെഷനുകളില്‍ റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സുറിയാനി പൈതൃക സംരക്ഷണം, ആരാധനക്രമാനുഷ്ഠാനത്തിലെ ഐകരൂപ്യത്തിന്റെ് ആവശ്യകത, സഭാംഗങ്ങളെ മുഴുവന്‍ ഉള്‍ചേര്‍ത്ത്കൊണ്ടുള്ള സിനഡല്‍ ശൈലി, സെമിനാരി പരിശീലനവും തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി നവീകരണവും, ഡല്ഹി ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തന ദൗത്യം മുതലായവ സുന്നഹദോസില്‍ ചര്‍ച്ച ചെയ്തു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിവാഹിതരായ ദമ്പതികള്‍ക്കായുള്ള പുതിയ പ്രവര്‍ത്തന പദ്ധതിക്കും സുന്നഹദോസ് രൂപം നല്‍കി. ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസിന്റെത നേതൃത്വത്തില്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ സെക്രട്ടറിയായ സമിതിയ്ക്കാണ് ഇതിന്റെ ചുമതല. സീറോ മലങ്കര സഭയുടെ വത്തിക്കാനിലെ പ്രൊക്കുറേറ്ററായി ഫാ. ബനഡിക്ട് പെരുമുറ്റത്തിലിനെ നിയമിച്ചതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായോട് സുന്നഹദോസ് നന്ദി രേഖപ്പെടുത്തി. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം സഭയൊന്നാകെ നടത്തുന്ന യാത്രയില്‍ സഭാംഗങ്ങളെല്ലാവരും ഏകമനസോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്കാ ബാവ സമാപന സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.


Related Articles »