Arts

ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിനു വീണ്ടും സമ്മാനം: അബുദാബിയിലെ പുതിയ കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ നാളെ

പ്രവാചകശബ്ദം 16-12-2021 - Thursday

റുവൈസ്, അബുദാബി: അബുദാബിയുടെ പടിഞ്ഞാറ് ദാഫ്രാ മേഖലയിലെ റുവൈസ് പട്ടണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയം ഇന്നു തുറക്കും. ദേവാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 മണിക്ക് ദാഫ്രാ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് നഹ്യാന്‍ നിര്‍വഹിക്കും. നാളെ ഡിസംബര്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കു നടക്കുന്ന വെഞ്ചരിപ്പ് കര്‍മ്മത്തിന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, ബിഷപ്പ് പോൾ ഹിൻഡർ മുഖ്യകാര്‍മ്മികത്വം വഹിക്കും. അബുദാബി കിരീടാവകാശിയായ ഷെയിഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും, ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും അല്‍ റുവൈസ് ഹൗസിംഗ് കോംപ്ലക്സിന് സമീപം സംഭാവനയായി നല്‍കിയ ഭൂമിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റുവൈസ് ഇടവക വികാരിയും മലയാളിയുമായ ഫാ. തോമസ്‌ അമ്പാട്ടുകുഴി ഒ.എഫ്.എമ്മും പ്രതിനിധികളുമാണ് നേതൃത്വം നല്‍കിയത്. പുതിയ ദേവാലയത്തില്‍ എണ്ണൂറോളം പേര്‍ക്കുള്ള സ്ഥലപരിധിയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും, താമസ സൗകര്യങ്ങളും ദേവാലയത്തോടു അനുബന്ധിച്ചുണ്ട്. 2019 ഫെബ്രുവരി 5ന് അബുദാബിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് വേണ്ടി തയ്യാറാക്കിയ പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപവും, കുരിശു രൂപവുമാണ് ദേവാലയത്തിലെ പ്രധാന സവിശേഷത. 2018 ഡിസംബര്‍ 30ന് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ മെത്രാനാണ് സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ അടിസ്ഥാനശിലയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്.

എല്ലാ ദിവസവും വൈകിട്ടുള്ള വിശുദ്ധ കുര്‍ബാനയ്ക്കു പുറമേ, വെള്ളിയാഴ്ച ദിവസങ്ങളില്‍ രണ്ട്‌ അനുബന്ധ കുര്‍ബാനകളും പുതിയ ദേവാലയത്തില്‍ ഉണ്ടായിരിക്കും. അല്‍ദാഫ്ര മേഖലയിലെ ആദ്യത്തെ ദേവാലയമാണിത്. റുവൈസിലും, പരിസര പ്രദേശങ്ങളിലുമായി മലയാളികള്‍ അടക്കം ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം കത്തോലിക്കര്‍ താമസിച്ച് ജോലി ചെയ്തു വരുന്നുണ്ട്. ഇവരില്‍ ഏതാണ്ട് അറുനൂറോളം കുടുംബങ്ങളുമുണ്ട്. പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയതില്‍ ഷെയിഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും, ഷെയിഖ് ഹമദാന്‍ ബിന്‍ സയ്ദ് അല്‍ നഹ്യാനും പുറമേ, അല്‍ ദാഫ്രാ, അബു ദാബി മുനിസിപ്പാലിറ്റികള്‍ക്കും, അഡ്നോക്കിനും, അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സിലിനും, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റിനും ദാഫ്രാ മേഖലയിലെ കത്തോലിക്ക സമൂഹം കൃതജ്ഞത അര്‍പ്പിച്ചു.

അറേബ്യയിലെ ഏറ്റവും വലിയ ദേവാലയം എന്ന ഖ്യാതിയോടെ മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ തെക്കായി അവാലി മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഇതിന് പിന്നാലെ മറ്റൊരു ദേവാലയം കൂടി യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഗള്‍ഫിലെ ക്രൈസ്തവ സമൂഹം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »