News - 2025
താലിബാന്‍ ഭീഷണി: അഫ്ഗാന്‍ ക്രൈസ്തവരുടെ പുനരധിവാസത്തിന് അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് നിയമജ്ഞന്‍
പ്രവാചകശബ്ദം 19-12-2021 - Sunday
ലണ്ടന്‍: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കുടുങ്ങിക്കിടക്കുന്ന 200 അഫ്ഗാന്‍ ക്രൈസ്തവരെ എത്രയും പെട്ടെന്ന് തന്നെ യുകെയില്‍ എത്തിക്കുവാനും പുനരധിവസിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്ന അഭ്യര്‍ത്ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് യു.കെ ബാരിസ്റ്ററിന്റെ കത്ത്. താലിബാന്റെ വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ താല്‍ക്കാലിക ഒളിസങ്കേതങ്ങളിലാണ് താമസിക്കുന്നതെന്നും, ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനാല്‍ ഇവരെ വഞ്ചകരായിട്ടാണ് താലിബാന്‍ കണക്കാക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 30 വര്‍ഷങ്ങളായി ബ്രിട്ടീഷ്, യൂറോപ്യന്‍ കോടതികളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന ബാരിസ്റ്ററായ പോള്‍ ഡയമണ്ട് ഇക്കാര്യങ്ങളെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനു അയച്ച കത്തില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ക്രൈസ്തവരുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും, കൃത്യമായ എണ്ണം കണക്കാക്കുക ബുദ്ധിമുട്ടാണെന്നും, പന്ത്രണ്ടായിരത്തോളം ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പോള്‍ ഡയമണ്ട് ‘പ്രീമിയര്‍ ന്യൂസ്’നോട് പറഞ്ഞു. അവര്‍ക്ക് പോകുവാന്‍ സ്ഥലമില്ലെന്നും ഖസാഖിസ്ഥാനിലേക്കോ, പാക്കിസ്ഥാനിലേക്കോ പോവുകയാണെങ്കില്‍ ഇസ്ലാമിനെ ഉപേക്ഷിച്ചവരായിട്ട് കണക്കാക്കപ്പെടുമെന്നും, അഫ്ഗാനിസ്ഥാനില്‍ തുടരുകയാണെങ്കില്‍ താലിബാന്‍ വേട്ടയാടി കൊലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള നിഷ്പക്ഷ തിരഞ്ഞെടുപ്പിന് പകരം നിശ്ചിത ക്വോട്ട അനുസരിച്ച് അഫ്ഗാന്‍ ക്രൈസ്തവര്‍ക്ക് യു.കെയിലേക്ക് സുരക്ഷിതമായി എത്തുവാനുള്ള മാര്‍ഗ്ഗമൊരുക്കുകയാണ് വേണ്ടതെന്നും ഇതിന്റെ ചുമതല സന്നദ്ധ സംഘടനകളെയും മിഷ്ണറി സംഘടനകളെയും ഏല്‍പ്പിക്കാമെന്നുമാണ് ഡയമണ്ട് പറയുന്നത്. പ്രാദേശിക ദേവാലയങ്ങള്‍ക്ക് ആഭ്യന്തര കാര്യാലയത്തിന്റെ സുരക്ഷ ക്ലിയറന്‍സ് ലഭിച്ചവരെ അടിയന്തിരമായി എത്തിക്കുവാനായി തിരഞ്ഞെടുക്കാമെന്നും, അവരെ കഴിയുന്നത്ര വേഗത്തില്‍ എത്തിക്കണമെന്നും ഡയമണ്ട് അഭ്യര്‍ത്ഥിച്ചു. തീവ്രഇസ്ലാമിക നിലപാടുവെച്ച് പുലര്‍ത്തുന്ന താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തിട്ട് 4 മാസങ്ങള്‍ കഴിഞ്ഞിട്ടും അഫ്ഗാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ നിശബ്ദത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഡയമണ്ടിന്റെ കത്തിന് പ്രസക്തി ഏറുന്നത്.