News - 2025

നൈജീരിയന്‍ ദേവാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഇസ്ലാം മതസ്ഥരും

പ്രവാചകശബ്ദം 30-12-2021 - Thursday

കടൂണ: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വ്യാപകമായി കൂട്ടക്കൊല ചെയ്യപ്പെടുന്നത് പതിവായ നൈജീരിയയില്‍ മതസഹിഷ്ണുത വളര്‍ത്തുന്നതിന്റെ ഭാഗമായി വടക്കന്‍ കടൂണയിലെ ദേവാലയത്തില്‍ നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. കടൂണ, കാനോ, സംഫ്ര, കാട്സിന, നൈജര്‍, അബുജ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി ഏതാണ്ട് അഞ്ഞൂറിലധികം മുസ്ലീങ്ങള്‍ തങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചുവെന്ന് കടൂണയിലെ സാബോന്‍ ടാഷയിലെ ക്രൈസ്റ്റ് ഇവാഞ്ചലിക്കല്‍ ആന്‍ഡ് ലൈഫ് ഇന്റര്‍വെന്‍ഷന്‍ മിനിസ്ട്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി മുസ്ലീം യുവാക്കളും, സ്ത്രീകളും, കുട്ടികളും ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തുവെന്നു വചനപ്രഘോഷകനായ യോഹന്ന വ്യക്തമാക്കി. പ്രമുഖ മുസ്ലീം പണ്ഡിതനായ ഷെയിഖ് അഹമദ് റുഫായിയും ഇക്കൊല്ലത്തെ ക്രിസ്തുമസ് ചടങ്ങുകളില്‍ പങ്കെടുത്തു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് കടന്നു പോയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) 2021-ല്‍ ലോകത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും മാരകമായ പീഡനം നടക്കുന്ന രാഷ്ട്രമായി തിരഞ്ഞെടുത്തിരിക്കുന്നത് നൈജീരിയയെയാണ്.

2000 മുതല്‍ ഏതാണ്ട് 50,000-ത്തിനും 70,000-ത്തിനും ഇടയില്‍ ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.സി.സിയുടെ കണക്ക്. വളരെക്കാലമായി ക്രൈസ്തവ കൂട്ടക്കൊലകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാത്രം പുറത്തുവന്നു കൊണ്ടിരുന്ന നൈജീരിയയില്‍ നിന്നും അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഈ ക്രിസ്തുമസ് കാലത്ത് പുറത്തുവന്നിരിക്കുന്നത്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 725