News - 2025
ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തില്‍ അനുശോചനവുമായി പാപ്പ
പ്രവാചകശബ്ദം 27-12-2021 - Monday
വത്തിക്കാന്‍ സിറ്റി: വര്‍ണ്ണവിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ശക്തമായ സ്വരമുയര്‍ത്തിയ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണവാർത്തയില്‍ ഫ്രാൻസിസ് മാർപാപ്പ ദുഃഖിതനായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പാപ്പയ്ക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട സന്ദേശത്തില്‍ പറയുന്നു.
തന്റെ ജന്മദേശമായ ദക്ഷിണാഫ്രിക്കയിൽ സമത്വവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുവിശേഷത്തിനായുള്ള അദ്ദേഹത്തിന്റെ സേവന മനോഭാവത്തെ അഭിനന്ദിക്കുന്നുവെന്നും ഉയിർപ്പിന്റെ ഉറപ്പുള്ള പ്രത്യാശയിൽ അദ്ദേഹത്തിന്റെ വേർപാടിൽ വിലപിക്കുന്ന എല്ലാവരോടും, കർത്താവായ യേശുവിൽ സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും അനുഗ്രഹങ്ങള്‍ അറിയിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വംശീയ വേർതിരിവ് അവസാനിപ്പിക്കാൻ പോരാടിയ ആര്‍ച്ച് ബിഷപ്പ് ടുട്ടു ഇന്നലെ ഡിസംബർ 26-ന് ആണ് അന്തരിച്ചത്.