News
'പ്രത്യാശയുടെ തീർത്ഥാടകർ': 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം വത്തിക്കാൻ പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 14-01-2022 - Friday
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനു വേണ്ടിയുള്ള ആപ്തവാക്യം പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചു. ജനുവരി പതിമൂന്നാം തീയതി പുറത്തുവിട്ട വീഡിയോയിൽ 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നതായിരിക്കും ജൂബിലി വർഷ ആപ്തവാക്യമെന്ന് നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കര്‍ദ്ദിനാള്‍ റിനോ ഫിസിച്ചെല്ല പറഞ്ഞു. രണ്ടായിരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മഹാ ജൂബിലി വർഷത്തിന് നേതൃത്വം നൽകിയതിന് ശേഷം നടക്കുന്ന ആദ്യത്തെ സാധാരണ ജൂബിലിയായിരിക്കും 2025 സഭ ആചരിക്കുക. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി ഒരു അസാധാരണ ജൂബിലി പ്രഖ്യാപനമായിരുന്നു.
നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ ആയിരിക്കും വിവിധ പരിപാടികൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നത് പരിപാടികളുടെ ഭാഗമായിരിക്കും. ഇതിലൂടെ പ്രവേശിക്കുന്ന വിശ്വാസികൾക്ക് ദണ്ഡവിമോചനം നേടാനുള്ള അവസരവുമുണ്ട്. സാധാരണ ജൂബിലി വർഷങ്ങളിലും, അസാധാരണ ജൂബിലി വർഷങ്ങളിലുമാണ് ഇങ്ങനെ ഒരു അവസരം വിശ്വാസികൾക്ക് ലഭിക്കുന്നത്. റോമിലെ പ്രധാനപ്പെട്ട നാല് ബസിലിക്കകൾക്കും വിശുദ്ധ കവാടങ്ങളുണ്ട്.
കരുണയുടെ അസാധാരണ വർഷത്തിൽ ലോകമെമ്പാടുമുള്ള കത്തീഡ്രൽ ദേവാലയങ്ങൾക്ക് വിശുദ്ധ കവാടങ്ങൾ സ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയിരുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരെയും വ്യക്തിപരമായി സമീപിച്ചു കാണുന്ന പിതാവിന്റെ അനന്ത കാരുണ്യം വീണ്ടും കണ്ടെത്താൻ ജൂബിലി കവാടത്തിലൂടെ കടക്കുന്നതിലൂടെ സാധിക്കുമെന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കരുണയുടെ കവാടം തുറന്നു നൽകിയ 2015 ഡിസംബർ എട്ടാം തീയതി സന്ദേശം നൽകി സംസാരിക്കവേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക