News - 2025
ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വാരത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥന
പ്രവാചകശബ്ദം 20-01-2022 - Thursday
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനായുള്ള ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഇന്നലെ ജനുവരി 18നു തുടക്കമായിരിക്കുകയാണല്ലോ. 25 വരെ നീളുന്ന പ്രാര്‍ത്ഥന വാരത്തില്‍ ക്രിസ്തീയ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള വിശ്വാസികളോട് പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കുർട്ട് കോഹും ആഗോള മെത്രാന്‍ സിനഡിന്റെ ജനറല്‍ സെക്രട്ടറിയും കൂടി പുറത്തുവിട്ട പ്രാര്‍ത്ഥനയാണ് താഴെ നല്‍കുന്നത്. ജനുവരി 25 വരെ നീളുന്ന പ്രാര്‍ത്ഥനാവാരത്തില്‍ ഫ്രാന്‍സിസ് പാപ്പയോടും ആഗോള സഭയോടും ചേര്‍ന്നു നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന
ഞങ്ങളുടെ പിതാവും കര്‍ത്താവുമായ ദൈവമേ, അങ്ങയുടെ ഏക ജാതനായ പുത്രന്റെ അടുക്കല്‍ രാജാക്കന്‍മാര്‍ക്ക് എത്തുവാന്‍ മാര്‍ഗ്ഗദര്‍ശിയായി നക്ഷത്രത്തെ അയച്ചവനാണല്ലോ അങ്ങ്. അങ്ങയിലുള്ള ഞങ്ങളുടെ പ്രത്യാശ വര്‍ദ്ധിപ്പിക്കുകയും സദാ സമയവും അങ്ങ് ഞങ്ങളോടൊപ്പം നടക്കുകയും, സ്വന്തം ജനത്തെ വീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തരുകയും ചെയ്യണമേ. പാത എത്രത്തോളം അപരിചിതമായിരുന്നാലും അങ്ങയുടെ പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പിന്തുടരുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, അതുവഴി ലോകത്തിന്റെ പ്രകാശമായ യേശു ക്രിസ്തുവിന്റെ ഐക്യത്തിലേക്ക് ഞങ്ങള്‍ എത്തപ്പെടട്ടെ. അങ്ങയുടെ ആത്മാവിലേക്ക് ഞങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുകയും, ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങളെ പ്രചോദിതരാക്കുകയും ചെയ്യണമേ, അതുവഴി രാജാക്കന്‍മാര്‍ ബെത്ലഹേമില്‍ ചെയ്തതുപോലെ ഞങ്ങളും യേശു ഞങ്ങളുടെ കര്‍ത്താവാണെന്ന് ഏറ്റ് പറയുകയും, ആരാധിക്കുകയും, ആനന്ദം കൊള്ളുകയും ചെയ്യട്ടെ. അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തില്‍ ഈ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ ചൊരിയണമെ. ആമേന്‍.