Faith And Reason

കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഉറുഗ്വേയുടെ തലസ്ഥാന നഗരിയിൽ നാളെ ജപമാല യജ്ഞം

പ്രവാചകശബ്ദം 21-01-2022 - Friday

മോൺഡിവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ തലസ്ഥാന നഗരമായ മോൺഡിവീഡിയോയിൽ കുടുംബങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ജപമാല യജ്ഞം. നാളെ ജനുവരി ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് ഗ്രേറ്റ് റോസറി ഓഫ് ബ്ലെസ്സിംഗ്സ് ഫോർ ദ ഫാമിലി എന്ന പേരിൽ ജപമാല യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. അൽമായരും, വൈദികരുമാണ് ഇതിനായി ക്രമീകരണങ്ങൾ നടത്തുന്നത്. നാം സംരക്ഷിക്കേണ്ട വലിയൊരു നിധിയാണ് കുടുംബമെന്നും തങ്ങളുടെ ജീവിതം പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ച കുടുംബങ്ങളുടെ വിശ്വാസം പരസ്യമായി ജപമാല യജ്ഞത്തിൽ കാണാൻ സാധിക്കുമെന്നും സംഘാടകരിൽ ഒരാളായ എസ്തേർ മീക്കിൾ പറഞ്ഞു.

കുടുംബങ്ങൾ ഇന്ന് ദുർബലമാകുന്ന കാഴ്ചയാണ് വിഷമത്തോടെ കാണാൻ സാധിക്കുന്നത് . ലളിതവും ശക്തവുമായ ജപമാല പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ഹിതം ജീവിതത്തിൽ വീണ്ടും നടപ്പിലാക്കാൻ പ്രാപ്തരാക്കുന്ന മാനസാന്തര അനുഭവത്തിലേക്ക് സ്വർഗ്ഗീയ മാതാവ് നമ്മെ നയിക്കുമെന്നു എസ്തേർ മീക്കിൾ വിശദീകരിച്ചു. ജപമാല യജ്ഞത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെ പങ്കെടുക്കാനുള്ള ക്രമീകരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. മോൺഡിവീഡിയോയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡാനിയൽ സ്റ്റുർലയുടെ അനുഗ്രഹ ആശിർവാദത്തോടെ വിശ്വാസികൾ തങ്ങളുടെ കുടുംബങ്ങളെ തിരു കുടുംബത്തിന് സമർപ്പിക്കും.


Related Articles »