News

കാൻസർ ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും ദിവ്യകാരുണ്യനാഥനെ ചേര്‍ത്ത് പിടിച്ച അജ്ന: അന്തരിച്ച ജീസസ് യൂത്ത് പ്രവര്‍ത്തകയെ കുറിച്ചുള്ള വൈദികന്റെ കുറിപ്പ് വൈറല്‍

പ്രവാചകശബ്ദം 24-01-2022 - Monday

വരാപ്പുഴ : ദിവ്യകാരുണ്യ ഭക്തിയില്‍ വേരൂന്നിയ ജീവിതം വഴി ഇഹലോക ജീവിതം ധന്യമാക്കി കടന്നുപോയ 27 വയസുകാരി അജ്‌ന ജോർജ് എന്ന യുവതിയെ കുറിച്ചുള്ള വൈദികന്റെ കുറിപ്പ് വൈറല്‍. യുവതിക്ക് വേണ്ടി ആത്മീയശുശ്രൂഷകൾ ലഭ്യമാക്കിയ വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക്ക് ദൈവാലയ വികാരിയായ ഫാ. ജീൻ ഫെലിക്‌സ് കാട്ടാശേരി എഴുതിയ ലേഖനമാണ് ആയിരങ്ങള്‍ക്ക് വിശുദ്ധ ജീവിതം നയിക്കുവാന്‍ പ്രചോദനമേകുന്നത്. യുവതിയുടെ വിശുദ്ധമായ ജീവിതവും ദിവ്യകാരുണ്യഭക്തിയും രോഗപീഡകള്‍ക്ക് മുന്നിലുള്ള വിശ്വാസത്തിന്റെ പ്രതിരോധവുമെല്ലാം ലേഖനത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. "ഒരു വിശുദ്ധയുടെ സ്വർഗപ്രാപ്തിക്ക് സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ!" എന്ന വൈദികന്റെ ലേഖനത്തിലെ വാക്കുകള്‍ അടക്കം ഓരോ വരികളും നവമാധ്യമങ്ങളില്‍ ആയിരങ്ങളുടെ ഹൃദയം കവരുകയാണ്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ‍

ഓർമവെച്ച നാൾ മുതൽ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ അസഹനീയ വേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ കഴിഞ്ഞവർഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്‌നയെ കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം (ജനുവരി 22) ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ 27 വയസുകാരി അജ്‌ന ജോർജ് എന്ന ‘ജീസസ് യൂത്തി’നെ കുറിച്ചാണ്.

ഈശോയെ സനേഹിക്കാൻ മൽസരിച്ചവൾ… കാൻസർ കോശങ്ങൾ കണ്ണും കാതും കരളും വായും താടിയെല്ലും കാർന്നെടുത്തപ്പോഴും പുഞ്ചിരി തൂകിയവൾ… വേദനയാൽ പുളയുമ്പോൾപോലും വേദന സഹിച്ച് നടന്നുതന്നെ പള്ളിയിൽ വരണമെന്ന് വാശി പിടിച്ചവൾ… ലോക്ഡൗൺ ദിനങ്ങളിൽ പോലും ഈശോയെ തരണമെന്ന് നിർബന്ധം പിടിച്ചവൾ… വേദനകളുടെ ലോകത്തുനിന്ന് ദൈവം അവളെ തിരിച്ചുവിളിക്കാൻ സകലരും പ്രാർത്ഥിച്ചപ്പോഴും സഹനങ്ങൾ കൂടുതൽ തരാൻ ഈശോയോട് അപേക്ഷിച്ചവൾ… സകലരെയും അത്ഭുതപ്പെടുത്തിയ അജ്‌നയ്ക്ക് ഏറ്റവും ചേരുന്നത്, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ സോദരി എന്ന വിശേഷണംതന്നെയാകും!

സഹനം നൽകണേയെന്ന് പ്രാർത്ഥിച്ച വിശുദ്ധാത്മാക്കളെ കുറിച്ച് വായിച്ചിട്ടുണ്ട്, ജീവിതമത്രയും ദിവ്യകാരുണ്യ ഈശോയ്ക്ക് സമർപ്പിച്ച വിശുദ്ധരെ കുറിച്ചും കേട്ടിട്ടുണ്ട്. എന്നാൽ, അപ്രകാരമൊരു പുണ്യജീവിതം അടുത്തുനിന്ന് കാണാൻ, അവൾക്കുവേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ അവസരമൊരുക്കിയ ദൈവഹിതം ഓർക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു- ദൈവമേ നീ എത്ര മഹോന്നതൻ! ഒരു വ്യക്തിയെ തിരുസഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത് നാളുകൾ നീളുന്ന, സങ്കീർണമായ പഠനങ്ങൾക്കും സൂക്ഷ്മപരിശോധനകൾക്കും ശേഷമാണ്. എന്നാൽ, ഏതാണ്ട് 17 വർഷമായി അജ്‌നയെ അടുത്തറിയാവുന്നയാൾ എന്ന നിലയിൽ എനിക്ക് സാക്ഷ്യപ്പെടുത്താനാകും, ഒരു വിശുദ്ധയ്ക്കടുത്ത ജീവിതമായിരുന്നു അവളുടേത്!

എന്റെ സഹപാഠിയുടെ (അജ്മ) സഹോദരിയായ അജ്‌നയെ ആദ്യമായി കാണുമ്പോൾ 10 വയസുകാരിയായിരുന്നിരിക്കും അവൾ. വളരുന്നതിന് അനുസരിച്ച് ഈശോയോടുള്ള അവളുടെ സ്‌നേഹവും വളർന്നു. കോളജ് പഠനകാലത്ത് ‘ജീസസ് യൂത്തി’ൽ സജീവമായതിലൂടെ കൈവന്ന ആത്മീയ പോഷണത്തെ കുറിച്ച് അവൾതന്നെ പറഞ്ഞിട്ടുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും മികച്ച മാർക്കോടെ പാസായി തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ്, ഏതാണ്ട് നാലര വർഷംമുമ്പ് കാൻസർ കോശങ്ങൾ അവളുടെ താടിയെല്ലിൽ സാന്നിധ്യം അറിയിച്ചത്.

അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്‌സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി, പക്ഷേ, ആ സൗഖ്യദിനങ്ങൾക്ക് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ. കണ്ണും കാതും കരളും താടിയെല്ലും അധരങ്ങളുമെല്ലാം കാർന്നുതിന്നാൻ കാൻസർ കോശങ്ങൾ മത്‌സരിച്ചപ്പോഴും അവളുടെ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞില്ല, അധരങ്ങളിൽനിന്ന് ദൈവസ്തുതി അകന്നില്ല. ഇക്കാലയളവിൽ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിന്റെ കേൾവിയും മാത്രമല്ല അവളുടെ മുഖകാന്തിയും കവർന്നെടുത്തു കാൻസർ. രണ്ടു മാസംമുമ്പ് സംസാരശേഷിയും ഏറെക്കുറെ നഷ്ടമായി. അവളുടെ പീഡാസഹനങ്ങളുടെ അവസാന നാളുകളിൽ, രണ്ടര വർഷംമുമ്പ് അവളുടെ ഇടവക വികാരിയായി ഞാൻ നിയമിക്കപ്പെട്ടതും മറ്റൊരു ദൈവഹിതം.

ദിവ്യകാരുണ്യത്തോടുള്ള അവളുടെ ഭക്തി കൂടുതൽ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്. ഈശോ തന്നെ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൻ തനിക്ക് ഈശോയെ സ്‌നേഹിക്കണം- അതിനുവേണ്ടിയുള്ള മത്‌സരത്തിലായിരുന്നു അവൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ശീലിച്ച അനുദിന ദിവ്യബലി കഠിന വേദനയുടെ ദിനങ്ങളിലും അവൾ മുടക്കിയില്ല. പിച്ചവെക്കുന്ന കുട്ടിയെപ്പോലെ അമ്മയുടെ കരം പിടിച്ച് അവൾ ദിവ്യബലിയിൽ പങ്കുകൊള്ളാൻ ദൈവാലയത്തിലെത്തും. വാഹനസൗകര്യം ഒരുക്കാൻ ശ്രമിച്ച എന്നെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ എങ്ങനെ ഞാൻ മറക്കും: ‘സഹനം ഒഴിവാക്കാൻ എന്ന പ്രലോഭിപ്പിക്കുകയാണല്ലേ!’

ലോക്ഡൗൺ കാലത്ത് പൊതുജന പങ്കാളിത്തത്തോടെയുള്ള ദിവ്യബലികൾ വിലക്കപ്പെട്ടപ്പോഴും വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ അവൾ കാണിച്ച നിർബന്ധബുദ്ധി അമ്പരപ്പിക്കുന്നതായിരുന്നു. വിശുദ്ധ കുർബാനയുമായി അവളുടെ വീട്ടിലേക്ക് നടത്തിയ യാത്രയ്ക്കിടെ എത്രയോ തവണ പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ടെന്നോ! രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ഒരാഴ്ച എന്റെ അജപാലന ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ആശുപത്രി മുറി ദിവ്യകാരുണ്യ ആരാധനാ ചാപ്പലാക്കി മാറ്റിയ ദിനങ്ങളായിരുന്നു അത്. അവൾക്ക് നൽകാനായി കൊണ്ടുപോകുന്ന തിരുവോസ്തിക്കു മുന്നിൽ ഒരു മണിക്കൂറോളം സമയം മനസുകൊണ്ട് സ്തുതിയാരാധനകൾ അർപ്പിച്ചശേഷമാകും അവൾ ഈശോയെ നാവിൽ സ്വീകരിക്കുക.

ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവൾ ഈശോയിൽ വിലയം പ്രാപിച്ചതും (അധരങ്ങൾ തുറക്കാൻപോലും സാധിക്കാതിരുന്ന അവൾ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച്, ഭക്ഷണം നൽകാൻ വയറ് തുളച്ച് ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഉൾക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏഴു മാസമായി ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുർബാന സ്വീകരണം എന്നുകൂടി അറിയണം). ആ വിശുദ്ധമരണം കൺമുന്നിൽനിന്ന് മായില്ല. രോഗീലേപനം സ്വീകരിച്ച് വിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം എന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ ‘ഈശോ മറിയം യൗസേപ്പേ,’ എന്ന സൃകൃതജപം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി, അവൾ ഈശോയ്ക്ക് സമർപ്പിച്ച ജീവശ്വാസം നിലച്ചു- വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം! ദൈവമേ, ഒരു വിശുദ്ധയുടെ സ്വർഗപ്രാപ്തിക്ക് സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ!

അറിയില്ല, പക്ഷേ, ഒന്നെനിക്കറിയാം- പരിചയപ്പെടുന്ന എല്ലാവരിലേക്കും ദിവ്യകാരുണ്യ ഈശോയെ പകർന്നുനൽകുക എന്നതായിരുന്നു അവളുടെ ആഗ്രഹം. വിശുദ്ധ കൊച്ചുത്രേസ്യയെയും വിശുദ്ധ അൽഫോൻസാമ്മയെയും പോലെ, രോഗക്കിടക്കയിലായിരിക്കുമ്പോഴും സഹനങ്ങളത്രയും കാഴ്ചവെച്ചതും ആ നിയോഗത്തിനുവേണ്ടിതന്നെ. അവളുടെ മരണംപോലും ദിവ്യകാരുണ്യ പ്രഘോഷണമായി മാറിയതും അതുകൊണ്ടുതന്നെയാവണം- ദിവ്യകാരുണ്യ ഈശോയോടുള്ള അവളുടെ സ്‌നേഹം പ്രകീർത്തിക്കുന്ന എത്രയെത്ര കുറിപ്പുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിച്ചത്.

വേദനകൾ അലതല്ലുമ്പോഴും ഒരു വിശുദ്ധയ്ക്ക് ജന്മം നൽകിയ ആ മാതാപിതാക്കൾക്കും (വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക്ക് ഇടവക മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികൾ) അവളുടെ സഹോദരങ്ങൾക്കും ആനന്ദിക്കാം. അവളെ പരിചയപ്പെട്ട ഓരോരുത്തർക്കും അഭിമാനിക്കാം. ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിൽ വളരാനുള്ള നമ്മുടെ പ്രാർത്ഥനകളിൽ അവൾ ഇനിയും നമ്മെ സഹായിക്കും, തന്നെ ഏറെ സ്‌നേഹിക്കുന്ന, താൻ അതിലേറെ സ്‌നേഹിക്കുന്ന ഈശോയുടെ തൊട്ടടുത്തായിരുന്നുകൊണ്ട്. അവൾ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതാണ് നമ്മുടെ പുണ്യം. അജ്‌നാ, നീ പറുദീസയിൽ ആയിരിക്കുമ്പോൾ ഞങ്ങളേയും ഓർക്കേണമെ…

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 732