News

ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 36 കോടി ക്രൈസ്തവര്‍: ക്രിസ്തു വിശ്വാസത്തെപ്രതി ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 5,898 ക്രൈസ്തവര്‍

പ്രവാചകശബ്ദം 22-01-2022 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുവെച്ചു നോക്കുമ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ 2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഉത്തരകൊറിയ, സൊമാലിയ, ലിബിയ, യെമന്‍, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്തു രാജ്യങ്ങള്‍. ഭാരതം ഇത്തവണയും പത്താം സ്ഥാനത്താണ്. ഒക്ടോബർ 1, 2020 മുതല്‍ സെപ്റ്റംബർ 30, 2021 വരെയുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.

ഈ കാലയളവിൽ, ലോകത്ത് 5,898 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു (പ്രതിദിനം ശരാശരി 16), 5,110 പള്ളികൾ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയോ ചെയ്തു, 6,175 ക്രിസ്ത്യാനികൾ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടു, 3,829 ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടുപോകപ്പെട്ടു (പ്രതിദിനം 10). ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നടക്കുന്ന ആദ്യ 10 രാജ്യങ്ങളിൽ ഏഴും സബ്-സഹാറൻ ആഫ്രിക്കയിലാണ്.

കഴിഞ്ഞ വര്‍ഷം വരെ ഉത്തരകൊറിയ ആയിരുന്നു ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ മുന്നില്‍ നിന്നിരുന്നത്. കണക്കില്‍ രണ്ടാമതായെങ്കിലും ഉത്തര കൊറിയയിലെ മതപീഡനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയയില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നര്‍ പിടിക്കപ്പെട്ടാല്‍ തടവിലാക്കപ്പെടുകയോ, കൊലചെയ്യപ്പെടുകയോ ആണ് പതിവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട നൈജീരിയ ആണ് ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2020-ലെ പട്ടികയില്‍ പ്രത്യേകം പരിഗണിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന നൈജീരിയ കഴിഞ്ഞ നവംബറിലേ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് പട്ടിക പുറത്തുവന്നത്. യു,എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നൈജീരിയയെ പട്ടികയില്‍ ഒഴിവാക്കിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 731