News - 2025
ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണം: മുതിർന്ന നേതാക്കളെ വെറുതെ വിട്ടു
പ്രവാചകശബ്ദം 19-02-2022 - Saturday
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണ കേസില്‍ വിചാരണ നേരിട്ടുക്കൊണ്ടിരിന്ന ശ്രീലങ്കയിലെ രണ്ടു മുതിർന്ന പോലീസ് ഓഫീസറെ ശ്രീലങ്കൻ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കൊളംബോ മുൻ പോലീസ് തലവൻ പുജിത് ജയസുരേന്ദ്ര, മുൻ പ്രതിരോധസെക്രട്ടറി ഹിമസിരി ഫെർണാണ്ടോ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ ശകതമായ മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം തടയുന്നതിനു നടപടിയെടുത്തില്ല എന്നതായിരുന്നു ഇരുവർക്കുമെതിരേയുള്ള കുറ്റം. ഭീകരാക്രമണങ്ങളിൽ മുൻകൂർ ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടിയെടുക്കാത്തതിന് കഴിഞ്ഞ വർഷം നവംബറിൽ ജയസുന്ദരയ്‌ക്കെതിരെ ക്രിമിനൽ വകുപ്പ് 855 കുറ്റങ്ങൾ ചുമത്തിയിരുന്നു.
ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ സിരിസേന നിയോഗിച്ച പ്രസിഡൻഷ്യൽ സമിതിയുടെ കണ്ടെത്തലുകളെച്ചൊല്ലി കത്തോലിക്കാ സഭയും ശ്രീലങ്കൻ സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ രാഷ്ട്രീയ ഇടപെടലുകള്‍ക്കായി സർക്കാർ ഉപയോഗിക്കുന്നതായും ആക്രമണത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കുന്നില്ലെന്നും കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കുറ്റപ്പെടുത്തി.
2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നു സ്ഥിരീകരിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടുള്ള നാള്‍ വഴികളില്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് വിഷയം തിരിച്ചു വിടുകയാണെന്നും അന്വേഷണത്തില്‍ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ ശക്തമായി രംഗത്ത് വന്നിരിന്നു.