News - 2025

പ്രതിഷേധം ഫലം കണ്ടു: ഒലിവ് മലയിലെ ഉദ്യാന പദ്ധതി ഇസ്രായേല്‍ ഉപേക്ഷിച്ചു

പ്രവാചകശബ്ദം 24-02-2022 - Thursday

ജെറുസലേം: വിശുദ്ധനാട്ടിലുള്ള വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്ന്, ജറുസലേമിലെ ഒലിവ് മലയെ ഉള്‍പ്പെടുത്തി ദേശീയ ഉദ്യാനം നിർമ്മിക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തിങ്കളാഴ്ചയാണ് തീരുമാനം തിരുത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഉദ്യാന പദ്ധതി ഭൂവുടമകളുടെ ഉടമസ്ഥാവകാശം എടുത്തുകളയില്ലെങ്കിലും, ഈ നീക്കം ഇസ്രായേൽ ഭരണകൂടത്തിന് പാലസ്തീന്റെയും സഭാ വസ്തുവകകളുടേയും ആരാധനാസ്ഥലങ്ങളുടേയും മേൽ അധികാരങ്ങൾ നൽകുമെന്ന ഭീഷണി നിലനില്‍ക്കുകയായിരിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവനേതൃത്വം രംഗത്ത് വന്നത്.

നീക്കത്തെ വിമർശിച്ചുക്കൊണ്ട് വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭയുടെ നേതൃത്വം വഹിക്കുന്ന ഫ്രാൻസിസ്കോ പേറ്റൺ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, ജെറുസലേമിലെ അർമേനിയൻ പാത്രിയർക്കീസ് നൂർഹൻ മനൂജിയൻ എന്നിവർ ഇസ്രായേലി പരിസ്ഥിതി മന്ത്രി താമാർ സാൻഡ്ബർഗിന് സംയുക്തമായി കത്തെഴുതിയിരിന്നു. ഏതാനും വർഷങ്ങളായി ചില പ്രസ്ഥാനങ്ങൾ നഗരത്തിന്റെ യഹൂദ വിശ്വാസവുമായി ബന്ധമില്ലാത്ത ശേഷിപ്പുകൾ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ കത്തിൽ ആരോപിച്ചിരിന്നു.

അതേസമയം ആസൂത്രണ സമിതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രദേശത്തെ സഭകൾ ഉൾപ്പെടെ എല്ലാ പ്രസക്ത ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കാതെയും ആശയവിനിമയം നടത്താതെയും ചർച്ചകൾ നടത്താതെയും ആസൂത്രണ സമിതിയിൽ പദ്ധതിയുടെ നീക്കം നടത്താൻ തയ്യാറല്ലെന്നും ഇസ്രായേലിന്റെ പരിസ്ഥിതി - ഉദ്യാന അതോറിറ്റി അറിയിച്ചു. പ്രതിഷേധത്തിന് ഒടുവില്‍ പദ്ധതി താത്ക്കാലികമായി ഉപേക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്രൈസ്തവ സമൂഹം.

More Archives >>

Page 1 of 740