News - 2025

കറാച്ചിയിൽ പ്രത്യേക അജപാലന ദൗത്യത്തിന് 18 അൽമായർ

പ്രവാചകശബ്ദം 20-02-2022 - Sunday

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ സെന്റ് ആന്റണീസ് കത്തോലിക്ക ഇടവകയിൽ 18 അല്‍മായരെ അജപാലന ദൗത്യത്തിന് നിയോഗിക്കുന്ന പ്രത്യേക ചടങ്ങ് നടന്നു. കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവസ് ചടങ്ങിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 18 പേരിൽ 13 പുരുഷന്മാരും, അഞ്ചു സ്ത്രീകളും ഉൾപ്പെടും. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൗത്യം ഒരു പദവിയായി കാണാതെ മറ്റുള്ളവരെ സേവിക്കാൻ വേണ്ടിയുള്ള ഒരു വിളിയായി കാണണമെന്ന് ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ദൗത്യം അൽമായർക്ക് നൽകുന്നത് സിനഡൽ സഭയുടെ ഒരു മാതൃകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയും തങ്ങൾ ആയിരിക്കുന്ന ജീവിതാന്തസ്സിൽ സഭയെ സേവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ പ്രവർത്തി മേഖലകളിൽ മറ്റുള്ളവർക്ക് മാതൃക ആയിരിക്കണമെന്നും, പ്രാർത്ഥിച്ച് പുതിയ ദൗത്യത്തിനു വേണ്ടി ഒരുങ്ങണമെന്നും അദ്ദേഹം 18 പേരോടും ആഹ്വാനം ചെയ്തു. ഇവരുടെ കുടുംബങ്ങളെയും, ഇടവക വൈദികരേയും അഭിനന്ദിച്ചുകൊണ്ട് ഓരോരുത്തർക്കും ഒരു ബൈബിൾ, പ്രാർത്ഥന പുസ്തകം, ജപമാല എന്നിവ കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവാസ് നൽകി. ഇടവകയിൽ നിന്ന് നല്ല പ്രതികരണമാണ് വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ അല്മായരെ ക്ഷണിക്കുമ്പോൾ ലഭിക്കുന്നതെന്ന് ഇടവക വൈദികരിൽ ഒരാളായ ആർതർ ചാൾസ് എന്ന വൈദികൻ ഏജൻസിയ ഫിഡസ് എന്ന മാധ്യമത്തോട് പറഞ്ഞു.

നേഴ്സുമാർ, തയ്യൽക്കാര്‍, ടീച്ചർമാർ, സർക്കാർ പദവി വഹിക്കുന്നവർ തുടങ്ങിയവർ കൂട്ടത്തിലുണ്ട്. വിശ്വാസം, കൂദാശകൾ, വചനം, സഭയുടെ മതബോധന ഗ്രന്ഥം തുടങ്ങിയവയെ സംബന്ധിച്ചുള്ള കോഴ്സുകളിൽ ഇവർ പങ്കെടുത്തതിന് ശേഷമാണ് പുതിയ ദൗത്യം ഏൽപ്പിക്കുന്നത്. ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച 15 മുതൽ 20 മിനിറ്റോളം പ്രാർത്ഥനയ്ക്കും, വചനം പങ്കുവെക്കുവാനും അല്മായർ ശ്രമിക്കും. പ്രൊട്ടസ്റ്റന്‍റ് പാസ്റ്റർമാർ ആളുകളെ തങ്ങളുടെ സമൂഹത്തിലേക്ക് കൊണ്ടുപോകാൻ വീടുകൾ കയറിയിറങ്ങി ശ്രമിക്കുമ്പോൾ, തിരുസഭ അയയ്ക്കുന്ന അൽമായരിലൂടെ ഇതിന് തടയിടാൻ സാധിക്കുമെന്ന പ്രതീക്ഷയും വൈദികൻ പ്രകടിപ്പിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 739