News - 2025

ജർമ്മന്‍ സഭയുടെ നിലപാടില്‍ ആശങ്ക പങ്കുവെച്ച് പോളിഷ് മെത്രാൻ സമിതി അധ്യക്ഷന്റെ കത്ത്

പ്രവാചകശബ്ദം 24-02-2022 - Thursday

വാര്‍സോ: ജർമ്മനിയിൽ നടക്കുന്ന സിനഡിനെ പറ്റി ആശങ്ക പ്രകടിപ്പിച്ച് പോളിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ കഡേക്കി. ഫെബ്രുവരി 22നു പ്രസിദ്ധീകരിച്ച , ജർമൻ മെത്രാൻ സമിതി അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗിന് അയച്ച 3000 പേജുകളുള്ള കത്തിൽ ജർമനിയിലെ മെത്രാന്മാരെയും, അൽമായരുടെയും ഒരുമിച്ചു കൊണ്ടുവരാൻ സിനഡിലൂടെ നടത്തുന്ന ശ്രമം സുവിശേഷ അടിസ്ഥാനമുള്ളതാണോയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. യൂറോപ്യൻ ഭൂപടത്തിൽ ജർമ്മനിയിലെ കത്തോലിക്കാസഭയ്ക്ക് വലിയൊരു സ്ഥാനമുണ്ടെന്നും, ഒന്നെങ്കിൽ അവർ വിശ്വാസം യൂറോപ്പിൽ വ്യാപിപ്പിക്കുമെന്നും, അതല്ലെങ്കിൽ അവിശ്വാസം ആയിരിക്കും ജർമ്മനി വ്യാപിക്കാൻ പോകുന്നതെന്നും ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ കഡേക്കി പറഞ്ഞു.

പലപ്പോഴും വൈരുദ്ധ്യാത്മക തീരുമാനം കൊണ്ട് വിവാദത്തിലായ ജര്‍മ്മന്‍ സഭയെ സംബന്ധിച്ചിടത്തോളം പോളിഷ് ആർച്ച് ബിഷപ്പിന്റെ ഇടപെടല്‍ ഒരുവർഷം നീണ്ടുനിൽക്കുന്ന സിനഡിനെ പറ്റിയുളള ചർച്ചകൾ കൂടുതൽ സങ്കീർണമാക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. വനിതാ പൗരോഹിത്യം, സ്വവർഗ്ഗ വിവാഹം തുടങ്ങിയവ അംഗീകരിക്കണമെന്ന് പറയുന്ന കരടുരേഖ ഈ മാസം ആദ്യം സിനഡിൽ പങ്കെടുക്കുന്ന അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയിരുന്നു. സഭാ പഠനങ്ങൾ മാറ്റാൻ വേണ്ടി സമ്മർദ്ദം ചെലുത്തുന്ന ലോകത്തിന്റെ ശക്തികൾക്ക് മുന്നിൽ തോറ്റു കൊടുക്കാതെ പ്രതിരോധം തീർക്കണമെന്ന് പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ, ജർമൻ മെത്രാൻ സമിതി അധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചു.

ഏകദേശം 300 മൈലുകൾ അതിർത്തിപങ്കിടുന്ന അയൽ രാജ്യങ്ങളാണ് പോളണ്ടും, ജർമ്മനിയും. എന്നാൽ വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. പോളണ്ടിലെ മൂന്ന് കോടി 80 ലക്ഷം വരുന്ന ജനസംഖ്യയിൽ 90 ശതമാനം ആളുകളും തങ്ങൾ കത്തോലിക്കാ വിശ്വാസികളാണ് എന്നാണ് പറയുന്നത്. 36 ശതമാനം ആളുകൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരാണ്. എന്നാൽ ജർമനിയിൽ എട്ടു കോടി 30 ലക്ഷം വരുന്ന ജനസംഖ്യയിൽ 27 ശതമാനം ആളുകൾ മാത്രമേ കത്തോലിക്കാ വിശ്വാസികളായി സ്വയം വിശേഷിപ്പിക്കുന്നള്ളൂ.


Related Articles »