News - 2025

സിറിയന്‍ ക്രൈസ്തവര്‍ക്ക് ഹംഗറി ഭരണകൂടം നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് അര്‍മേനിയന്‍ മെത്രാന്‍

പ്രവാചകശബ്ദം 01-04-2022 - Friday

ബുഡാപെസ്റ്റ്: പത്തുവര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധം സര്‍വ്വവും തകര്‍ത്തെറിഞ്ഞ സിറിയയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കിടെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ സഹായിച്ചതിന് ഹംഗേറിയന്‍ സര്‍ക്കാരിനോട് നന്ദി പറഞ്ഞ് ഡമാസ്കസിലെ അര്‍മേനിയന്‍ ബിഷപ്പ് അര്‍മാഷ്‌ നല്‍ബന്ദിയാന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍വെച്ചാണ് ഡമാസ്കസിലെ അര്‍മേനിയന്‍ രൂപതാധ്യക്ഷനായ മെത്രാന്‍ നല്‍ബന്ദിയാന്‍ ഹംഗറി സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഹംഗറിയുടെ സഹായം സിറിയയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നുവെന്നും തകര്‍ക്കപ്പെട്ട ദേവാലയങ്ങളും, സ്കൂളുകളും പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അറിയിച്ചു.

കുടുംബങ്ങളുടെ വിശ്വാസവും, അവരെ ജന്മദേശത്ത് നിലനിര്‍ത്തുവാന്‍ സഹായിക്കുക എന്നതുമാണ്‌ ഏറ്റവും വലിയ വെല്ലുവിളി എന്നുപറഞ്ഞ മെത്രാന്‍, തങ്ങളുടെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. പദ്ധതികളുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുന്നതിനും, സിറിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയുന്നതിനുമായി ബിഷപ്പ് നല്‍ബന്ദിയാനുമായി കൂടിക്കാഴ്ച നടത്തിയതായി മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ചുമതലപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറിയും, ഹംഗറി ഹെല്‍പ്സ് പദ്ധതിയുടെ അമരക്കാരനുമായ ട്രിസ്റ്റാന്‍ അസ്ബേജ് പറഞ്ഞു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹംഗറിയുടെ മാനുഷിക സഹായ പദ്ധതി ആരംഭിച്ചത്. ഇതുവരെ 50 രാജ്യങ്ങളിലായി അഞ്ചുലക്ഷത്തിലധികം ആളുകളെ സഹായിക്കുവാന്‍ ഈ പദ്ധതികൊണ്ട് സാധിച്ചുവെന്നും അസ്ബേജ് പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ എപ്പോഴും തങ്ങളുടെ പരിഗണനയിലുണ്ടെങ്കിലും നിലവില്‍ യുദ്ധത്തിനിരയായി കൊണ്ടിരിക്കുന്ന യുക്രൈന്‍ ജനതയിലാണ് തങ്ങള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ അതിജീവനത്തിന് ദശലക്ഷകണക്കിന് തുക ചെലവഴിക്കുന്ന രാഷ്ട്രമാണ് ഹംഗറി.

സിറിയന്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു രണ്ടായിരത്തോളം കുടുംബങ്ങളില്‍ ഓരോ അംഗങ്ങള്‍ വീതം നഷ്ടപ്പെടുകയും, എണ്ണൂറോളം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം കാണാതാകപ്പെടുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്' നിരവധി സഹായ പദ്ധതികളുമായി സിറിയയില്‍ സജീവമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »