Life In Christ
അമേരിക്കയിലെ കൊളംബസ് രൂപതയ്ക്കു ഇന്ത്യന്‍ വേരുകളുള്ള മെത്രാന്‍
പ്രവാചകശബ്ദം 04-04-2022 - Monday
കൊളംബസ്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വേരുകളുള്ള ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇപ്പോൾ സിൻസിനാറ്റിയിൽ സേവനം ചെയ്യുന്ന 49 വയസ്സുള്ള ഏൾ ഫെർണാണ്ടസിന്റെ നിയമനം ശനിയാഴ്ചയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഒരു രൂപതയുടെ നേതൃത്വത്തിലേക്ക് ഇന്ത്യയിൽ വേരുകളുള്ള ഒരാൾ വരുന്നത് ഇത് ആദ്യമായിട്ടാണ്. ബ്രൂക്ലിൻ രൂപതയുടെ ചുമതലകളിലേക്ക് ഫ്രാൻസിസ് മാർപാപ്പ മാറ്റിയ ബിഷപ്പ് റോബർട്ട് ബ്രന്നന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതല ഏറ്റെടുക്കാൻ പോകുക.
1970ലാണ് ഏൾ ഫെർണാണ്ടസിന്റെ മാതാപിതാക്കളായ സിഡ്നി ഓസ്വാൾഡും തെൽമ ഫെർണാണ്ടസും മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് ചേക്കേറുന്നത്. അദ്ദേഹത്തിൻറെ പിതാവ് ഒരു ഡോക്ടറായും, അമ്മ ഒരു അധ്യാപികയായിട്ടുമാണ് ഇന്ത്യയിൽ സേവനം ചെയ്തിരുന്നത്. അമേരിക്കയിലേക്ക് എത്തിയപ്പോൾ അവരോടൊപ്പം ഏളിന്റെ മൂത്ത രണ്ട് സഹോദരന്മാരാണ് ഉണ്ടായിരുന്നത്. ടോളെടൊ എന്ന നഗരത്തിലാണ് ഏൾ ഫെർണാണ്ടസ് ജനിച്ചത്. ഉത്തമ കത്തോലിക്കാ വിശ്വാസികളായിരുന്ന മാതാപിതാക്കൾ ഏളിനോടും, മറ്റ് നാല് സഹോദരൻമാരോടും നന്നായി പഠിക്കാനും, പ്രാർത്ഥിക്കുവാനും നിരന്തരം ഉപദേശിക്കുമായിരുന്നു. തനിക്ക് ദൈവവും, സഭയും കഴിഞ്ഞ് ഏറ്റവും നന്ദി ഉള്ളത് മാതാപിതാക്കളോട് ആണെന്ന് നിയുക്ത മെത്രാൻ ശനിയാഴ്ച പറഞ്ഞു. തങ്ങൾക്ക് വിശ്വാസം പകർന്നു തന്ന മാതാപിതാക്കളെ അദ്ദേഹം സ്മരിച്ചു.
തന്റെ മക്കൾ പ്രാർത്ഥനയോടുകൂടി ദിവസം ആരംഭിക്കാനും, അവർ പോകുന്ന സ്ഥലങ്ങളിൽ ജപമാല കൊടുത്തുവിടാനും ഏളിന്റെ അമ്മ നിരന്തരം ശ്രദ്ധിച്ചിരുന്നു. പിതാവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ പോകുമ്പോൾ ഒഴിവു സമയത്ത് ഒന്നെങ്കിൽ അദ്ദേഹം ലൈബ്രറിയിലോ, ചാപ്പലിലോ ആയിരിക്കുമെന്ന് ഏൾ ഫെർണാണ്ടസ് സ്മരിച്ചു. അഞ്ചാംവയസ്സിൽ ജീവിതത്തെപ്പറ്റിയും, വിശ്വാസത്തെ പറ്റിയും മാതാപിതാക്കളിൽനിന്ന് പഠിച്ച കാര്യങ്ങൾ, സെമിനാരിയിൽ പഠിച്ച കാര്യങ്ങളേക്കാൾ ഒരുപാട് മുകളിലാണെന്ന് നിയുക്ത മെത്രാൻ പറഞ്ഞു.
ടോളെടൊ സർവകലാശാലയിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം, സിൻസിനാറ്റി കോളേജ് ഓഫ് മെഡിസിൻ സർവകലാശാലയിൽ പഠിക്കുമ്പോഴാണ് വൈദിക ജീവിതത്തിലേക്ക് തനിക്ക് വിളിയുണ്ടെന്ന് ഏൾ ഫെർണാണ്ടസ് മനസ്സിലാക്കുന്നത്. ഒരിക്കൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് വൈദിക ജീവിതത്തിലേക്ക് തന്നെ നയിച്ചതെന്ന് 2013ൽ ദൈവവിളിയെ പറ്റി നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വിവരിച്ചിരുന്നു. 1997ൽ സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരിസ് സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്ന ഏൾ 2002 ലാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. പിന്നീട് റോമിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കി.
ഒരുമിച്ച് നടക്കുന്ന ഒരു സിനഡൽ സഭയാണ് മാർപാപ്പ വിഭാവനം ചെയ്യുന്നതെന്നും, രൂപതയിലെ വൈദികരോടും, ഡീക്കൻമാരോടും സന്യസ്തരോടും ദൈവജനത്തോടും ഒരുമിച്ച് നടക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും നിയമന ഉത്തരവിന് പിന്നാലെ ഏൾ ഫെർണാണ്ടസ് പ്രതികരിച്ചു. പരിശുദ്ധ പിതാവ് പറയുന്നതുപോലെ ചില സമയത്ത് ആളുകളെ നയിച്ചുകൊണ്ട് മെത്രാൻ മുന്നിൽ നടക്കണം. ചില സമയത്ത് അവരുടെ സന്തോഷങ്ങളും, ദുഃഖങ്ങളും കേട്ട് അവരിലൊരാളായി അവരോടൊപ്പം നടക്കണം. ആരും നഷ്ടപ്പെട്ട് പോകാതിരിക്കാൻ ചിലപ്പോൾ എല്ലാവരുടെയും പുറകിൽ ആയിട്ടും നടക്കണം. ആളുകളോടൊപ്പം നടക്കുന്ന, അവരെ ശ്രവിക്കുന്ന ഒരു സഭയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മുപ്പത്തിയൊന്നാം തീയതി മെത്രാഭിഷേക ചടങ്ങുകൾ നടക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക