News - 2025

കുരിശുളള പതാക ഉയർത്താൻ അനുമതി നിഷേധിച്ച നടപടി ഭരണാഘടന വിരുദ്ധം: യു‌എസ് സുപ്രീം കോടതി

പ്രവാചകശബ്ദം 03-05-2022 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: ബോസ്റ്റണിലെ സിറ്റി ഹാളിന് മുകളിൽ കുരിശ് ആലേഖനം ചെയ്ത പതാക സ്ഥാപിക്കാൻ അനുമതി നൽകാത്ത നഗരസഭ നടപടി ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമെന്ന് അമേരിക്കൻ സുപ്രീം കോടതി. ഏകകണ്ഠേനയാണ് സുപ്രീം കോടതിയിലെ അംഗങ്ങൾ തിങ്കളാഴ്ച കേസിൽ വിധി പ്രസ്താവന നടത്തിയത്. 2017 സെപ്റ്റംബർ 17നു ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കുരിശ് ആലേഖനം ചെയ്യപ്പെട്ട പതാക സിറ്റി ഹാളിനു മുകളിൽ ഒരു മണിക്കൂർ ഉയർത്താൻ മുന്നിട്ടിറങ്ങിയ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.

ഒരു പ്രത്യേക മതവിഭാഗത്തിന് പിന്തുണ നൽകുന്നു എന്ന വിധത്തിലുള്ള പ്രതീതി ഉണ്ടാകാതിരിക്കാനാണ് പതാക ഉയർത്താൻ അനുമതി നിഷേധിച്ചതിനുളള വിശദീകരണമായി സിറ്റി കൗൺസിൽ പറഞ്ഞത്. എന്നാല്‍ മറ്റുള്ള സംഘടനകൾക്ക് അവരുടെ പതാകകൾ ഉയർത്താൻ അനുമതി നൽകുമ്പോൾ തങ്ങൾക്ക് മാത്രം അനുമതി നിഷേധിച്ചത് വിവേചനപരമായ തീരുമാനമായിരുന്നുവെന്നും, നഗരസഭാധികൃതരുടെ നടപടി ഒന്നാം ഭരണഘടനാഭേദഗതിക്ക് വിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇസ്ലാമിക ചിഹ്നം ഉള്‍പ്പെടുന്ന തുർക്കിയുടെ പതാക, എൽജിബിടി പതാകകൾ ഉൾപ്പെടെയുള്ളവ സിറ്റി ഹാളിനു മുകളിൽ ഉയർത്താൻ 12 വർഷത്തിനിടെ നിരവധി തവണ നഗരസഭ അനുമതി നൽകിയിരുന്നു. ഇവയ്ക്കൊന്നും ബാധകമല്ലാത്ത നിയമമാണ് ക്രൈസ്തവര്‍ക്ക് നേരെ അധികൃതര്‍ കൈക്കൊണ്ടത്. ഇതിനിടെ നേരത്തെ രണ്ട് കീഴ്ക്കോടതികൾ നഗരസഭയ്ക്ക് അനുകൂലമായാണ് വിധിപറഞ്ഞത്. മറ്റുള്ള പതാകകൾ ഉയർത്തുമ്പോൾ നഗരസഭ നിയന്ത്രണങ്ങളൊന്നും കൊണ്ടുവരാത്തത് സ്വകാര്യ വ്യക്തികൾക്കും പ്രത്യേകം അനുമതി മേടിക്കാതെ തന്നെ പതാക ഉയർത്താനുളള സ്വാതന്ത്ര്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഇന്നലെ തിങ്കളാഴ്ചത്തെ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചു.


Related Articles »