News - 2025
കാല്‍മുട്ടിലെ വേദന തുടരുന്നു: ഫ്രാന്‍സിസ് പാപ്പ വീല്‍ചെയറില്‍
പ്രവാചകശബ്ദം 06-05-2022 - Friday
വത്തിക്കാന്‍ സിറ്റി: വലതുകാല്‍മുട്ടിലെ ലിഗ്മെന്റ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഏറെ കഷ്ട്ടപ്പെടുന്ന ഫ്രാന്‍സിസ് പാപ്പ തന്റെ പൊതു അഭിസംബോധനയ്ക്കു വീല്‍ ചെയര്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചു. ഇന്നലെ ആഗോള സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയേഴ്സുമായുള്ള കൂടിക്കാഴ്ചയ്ക്കു വീല്‍ ചെയറിലാണ് പാപ്പ എത്തിയത്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴുമുള്ള വേദന ഇരിക്കുമ്പോള്‍ ഇല്ലാത്തതിനാല്‍ വളരെ സന്തോഷവാനായിട്ടാണ് പാപ്പ വീല്‍ ചെയറില്‍ എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപ കാലത്ത് നടന്ന പൊതു പരിപാടികളില്‍ കഴിയുന്നത്ര ഇരുന്നുകൊണ്ടാണ് പാപ്പ പങ്കെടുത്തത്. പല വിശുദ്ധ കുര്‍ബാനകള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കല്‍ പാപ്പ ഒഴിവാക്കി. നടക്കരുതെന്ന്‍ ഡോക്ടര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടത്തിയ ഒരു അഭിസംബോധനക്കിടെ പാപ്പ വെളിപ്പെടുത്തിയിരുന്നു. സമീപദിവസങ്ങളില്‍ പാപ്പ വീല്‍ ചെയറാണ് ഉപയോഗിച്ചതെന്നും, വരും ദിവസങ്ങളിലും പാപ്പ വീല്‍ ചെയര്‍ ഉപയോഗിക്കുമെന്നും വത്തിക്കാനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാപ്പയുടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടികള്‍ റദ്ദാക്കുവാനുള്ള സാധ്യത ഇല്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതാദ്യമായല്ല പാപ്പ വീല്‍ ചെയറിനെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതനാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ കൊളോണ്‍ ശസ്ത്രക്രിയക്ക് ശേഷവും പാപ്പ വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. പതിവനുസരിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സ്ക്വയറില്‍വെച്ചുള്ള തന്റെ പൊതു അഭിസംബോധന പാപ്പ ഇരിന്നുക്കൊണ്ടാണ് നടത്തിയത്. തുടര്‍ന്നു പരസഹായത്തോടെ എഴുന്നേല്‍ക്കുവാനുള്ള പാപ്പയുടെ ശ്രമം ഉള്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിന്നു.