Faith And Reason

പത്രപ്രവർത്തകർക്ക് ഈ വിശുദ്ധന്റെ സഹായം തേടാം: വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മയെ മാധ്യമപ്രവർത്തകരുടെ മാധ്യസ്ഥനാക്കണമെന്ന ആവശ്യമുയരുന്നു

പ്രവാചകശബ്ദം 12-05-2022 - Thursday

വത്തിക്കാന്‍ സിറ്റി: ഈ വരുന്ന ഞായറാഴ്ച്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മ മാധ്യമപ്രവര്‍ത്തകരുടെ പുതിയ മാധ്യസ്ഥനാകുവാന്‍ കളമൊരുങ്ങുന്നു. ബ്രാന്‍ഡ്സ്മയേ പത്രപ്രവര്‍ത്തനത്തിന്റെ മാധ്യസ്ഥനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പത്രപ്രവര്‍ത്തകര്‍ സംയുക്തമായി ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് തുറന്ന കത്തെഴുതിയ സാഹചര്യത്തിലാണ് 1942-ല്‍ ഡാച്ചൌ തടങ്കല്‍പ്പാളയത്തില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ച ഡച്ച് പുരോഹിതനും, പ്രൊഫസ്സറും, പത്രപ്രവര്‍ത്തകനുമായ ടൈറ്റസ് ബ്രാന്‍ഡ്സ്മ പത്രപ്രവര്‍ത്തകാരുടെ പുതിയ മാധ്യസ്ഥനാകുവാന്‍ കളമൊരുങ്ങുന്നത്.

നിരവധി മാധ്യമപ്രവര്‍ത്തകര്‍ ക്രൈസ്‌തവ വിശ്വാസത്തിനെതിരെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, കടുത്ത ക്രൈസ്‌തവ വിശ്വാസിയായ ടൈറ്റസ് ബ്രാന്‍ഡ്സ്മയെ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും നടത്തിയ ഈ അഭ്യർത്ഥന മാധ്യമലോകം വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. "ആധുനിക കാലത്ത് പത്രപ്രവര്‍ത്തനത്തെ നയിക്കേണ്ട ആഴമേറിയ ദൗത്യം പങ്കിട്ട വ്യക്തി, സത്യത്തിനും, സത്യസന്ധതക്കും വേണ്ടിയുള്ള അന്വേഷണവും, ആളുകള്‍ തമ്മിലുള്ള ചര്‍ച്ചയും സമാധാനവും പ്രോത്സാഹിപ്പിച്ച വ്യക്തി” എന്നിങ്ങനെയാണ് കത്തിൽ മാധ്യമപ്രവർത്തകർ വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്സ്മയെ വിശേഷിപ്പിച്ചത്.

നിലവില്‍ പത്രപ്രവര്‍ത്തകരുടെ മാധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് ആ കാലഘട്ടത്തിൽ വിശ്വസത്തിന്റെ വെളിച്ചം അനേകരിലേക്ക് പകർന്ന ഒരു വിശുദ്ധനാണെങ്കിലും, അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന കാര്യവും കത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷപാതിത്വവും, വ്യാജ വാര്‍ത്തകളും അരങ്ങുവാഴുന്ന ഇന്നത്തെ പത്രപ്രവര്‍ത്തന മേഖലയിൽ, നാസി അനുകൂല പ്രചാരണങ്ങളെ ശക്തമായി എതിര്‍ത്ത വാഴ്ത്തപ്പെട്ട ബ്രാന്‍ഡ്സ്മയേ പോലെയുള്ള ഒരു മാധ്യസ്ഥനെ ആവശ്യമുണ്ടെന്നും കത്തില്‍ പറയുന്നു.

1935-ല്‍ ഡച്ച് കത്തോലിക്കാ പത്രപ്രവര്‍ത്തകരുടെ അസോസിയേഷന്റെ ആത്മീയ ഉപദേശകനായി നിര്‍ദ്ദേശിക്കപ്പെട്ട ബ്രാന്‍ഡ്സ്മ, നെതര്‍ലന്‍ഡ്‌സിനുമേലുള്ള നാസികളുടെ അധിനിവേശത്തിനു ശേഷം അസോസിയേഷന്റെ പ്രസിഡന്റ് ആയിത്തീര്‍ന്നു. കത്തോലിക്കാ വാര്‍ത്താ പത്രങ്ങളിലൂടെയുള്ള നാസി അനുകൂല പ്രചാരണത്തേ ശക്തിയുക്തം എതിര്‍ത്ത ബ്രാന്‍ഡ്സ്മ, നാസി വിരുദ്ധ സന്ദേശത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതില്‍ ഡച്ച് മെത്രാന്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കടുത്ത വെല്ലുവിളികളെ വകവെക്കാതെ വെറും 10 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം രാജ്യത്തെ മുഴുവന്‍ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തന കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും, നാസി പ്രചാരണത്തെ എതിര്‍ക്കുവാന്‍ എഡിറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നാസികളുടെ കണ്ണിലെ കരടായ ബ്രാന്‍ഡ്സ്മ 1942-ലാണ് അറസ്റ്റിലാകുന്നത്. കുപ്രസിദ്ധമായ ഡാച്ചൌ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കപ്പെട്ട ബ്രാന്‍ഡ്സ്മയേ കാര്‍ബോറിക് ആസിഡ് എന്ന മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ബ്രാന്‍ഡ്സ്മയേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. “ധീരനായ മാധ്യമപ്രവര്‍ത്തകന്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി” എന്നാണ് പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റേയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും കാര്യത്തില്‍ നമ്മള്‍ എത്രമാത്രം ശ്രദ്ധാലുക്കള്‍ ആയിരിക്കണം എന്നതിനുള്ള മുന്നറിയിപ്പാണ് ബ്രാന്‍ഡ്‌സ്മയുടെ രക്തസാക്ഷിത്വം എന്നാണ് എന്നാണ് ഇക്കഴിഞ്ഞ മെയ് 10-ന് വത്തിക്കാനിലെ ഡച്ച് അംബാസിഡര്‍ കരോളിന്‍ വെയ്ജേഴ്സ് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

More Archives >>

Page 1 of 68