News - 2025

"ഹീനമായ ആക്രമണം, സുരക്ഷ വര്‍ദ്ധിപ്പിക്കണം'': നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഒടുവില്‍ യുഎന്നിന്റെ പ്രതികരണം

പ്രവാചകശബ്ദം 08-06-2022 - Wednesday

ജനീവ/അബൂജ: നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിവസം നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ ഒടുവില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭയും. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഐക്യരാഷ്ട്ര സഭ നിശബ്ദത പാലിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരിന്നു. പെന്തക്കോസ്ത് ശുശ്രൂഷയ്ക്കായി ഒത്തുകൂടിയ അനേകം സാധാരണക്കാരുടെ ജീവനെടുത്ത അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തെ ഹീനം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് സർക്കാരുകളോട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻസും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് സുരക്ഷ നൽകുന്നതിനു വേണ്ടി സർക്കാരുകളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണം. എല്ലാ മതങ്ങളോടും പരസ്പര ബഹുമാനം ഉണ്ടാകണമെന്നും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു സംസ്കാരം രൂപപ്പെടുത്തണമെന്നും സംഘടനയുടെ പ്രതിനിധി മിഗ്വേൽ മോറാട്ടീനോസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സംഘടന യുഎന്നിന് വേണ്ടി രൂപംനൽകിയ കർമ്മപദ്ധതി ആരാധനാലയങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നടപ്പിലാക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് സർക്കാരുകളോടു അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷിക പങ്കാളിത്തത്തിന്റെയും, ചരിത്രത്തിന്റെയും, പാരമ്പര്യത്തിന്റെയും അടയാളമായി ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ പിന്തുണ നൽകണമെന്ന് ആഗോള വിശ്വാസി സമൂഹത്തോടും, യുവജനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനിടെ രാജ്യത്തെ അരക്ഷിതാവസ്ഥ വിവരിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ബെൻയു സംസ്ഥാനത്തെ അധ്യക്ഷൻ റവ. അബ്കൻ ലേവ രംഗത്ത് വന്നു. രാജ്യത്തെ നേതാക്കന്മാർക്ക് ദിശാബോധം നഷ്ടപ്പെട്ടുവെന്നും, സുരക്ഷാപ്രശ്നങ്ങൾ അടക്കമുള്ള നിരവധിയായ വെല്ലുവിളികൾ നേരിടാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കടുത്ത അരാജകത്വം നിറഞ്ഞ അവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇസ്ളാമിക തീവ്രവാദി സംഘടനകളായ ബൊക്കോഹറാമും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സും തീവ്ര ചിന്താഗതിയുള്ള ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനും ഉയര്‍ത്തുന്ന ഭീഷണിയിലാണ് ക്രൈസ്തവ സമൂഹം ജീവിതം മുന്നോട്ടുക്കൊണ്ടു പോകുന്നത്. രാജ്യത്തെ സുരക്ഷാവീഴ്ചയ്ക്കെതിരെ ആഗോളതലത്തില്‍ വിവിധ കോണുകളില്‍ നിന്ന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള ഭരണകൂടം നിസംഗത തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »