News

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല: പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയാണെന്ന് ആഭ്യന്തര മന്ത്രി

പ്രവാചകശബ്ദം 11-06-2022 - Saturday

ഓവോ, നൈജീരിയ: ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സ്‌ (ISWAP) ആണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി. “ഓവോയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിന്റെ രീതികള്‍ കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ അവരുടെ പിന്നാലെ തന്നെയുണ്ട്. സുരക്ഷാ ഏജന്‍സികള്‍ അവരുടെ പാതയില്‍ തന്നെയുണ്ട്". അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി ഒഗ്ബേനി റാവുഫ് അരെഗ്ബെസോല പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 5 ഞായറാഴ്ച തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തില്‍ ഒവോയിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി കൂടിയിരുന്ന വിശ്വാസികള്‍ക്കെതിരെ തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആണെന്നും, 61 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നുമാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നൈജീരിയയിലും അയല്‍രാജ്യങ്ങളിലുമായി ആയിരക്കണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തുകയും ലക്ഷകണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത മറ്റൊരു ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും വേര്‍പിരിഞ്ഞ വിഭാഗമായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിനെ കണക്കാക്കുന്നത്. ഇവരുടെ നേതാവ് 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ തീവ്രവാദി സംഘടന നിരവധി ക്രിസ്ത്യാനികളെ പരസ്യമായി കൊലപ്പെടുത്തുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയയെ ഇസ്‌ലാമികവൽക്കരിക്കുക എന്ന ലക്ഷ്യവുമായി 2009ൽ ബൊക്കോ ഹറം എന്ന തീവ്രവാദി സംഘടന തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ചതിനു ശേഷമാണ് നൈജീരിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നത്. മത, രാഷ്ട്രീയ രംഗത്തെ നേതാക്കന്മാർക്ക് നേരെയും, സാധാരണ ജനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ പതിവാണെങ്കിലും ഇരകൾ മിക്കപ്പോഴും ക്രൈസ്തവരാണ്. ചില സംഘടനകളും, വിദഗ്ദരും നൈജീരിയയില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യ തന്നെയാണെന്നു സാക്ഷ്യപ്പെടുത്തി രംഗത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »