News - 2025

ദുരിതമനുഭവിക്കുന്ന സിറിയന്‍ ക്രൈസ്തവ സമൂഹത്തിനുള്ള സഹായം വർദ്ധിപ്പിച്ച് എ‌സി‌എന്‍

പ്രവാചകശബ്ദം 17-06-2022 - Friday

ഡമാസ്ക്കസ്: ദുരിതമനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിനുള്ള സഹായം വർദ്ധിപ്പിക്കാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ തീരുമാനം. ഇരുപത്തിരണ്ടോളം പദ്ധതികൾക്കാണ് സംഘടന സാമ്പത്തിക സഹായം വകയിരുത്തിയിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന സിറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് മാസം നടന്ന ഡമാസ്കസ് കോൺഫറൻസിന് ശേഷമാണ് പുതിയ പദ്ധതികളുടെ വിഹിതത്തെ സംബന്ധിച്ച തീരുമാനത്തിൽ സംഘടന എത്തിച്ചേർന്നത്. വാടക കൊടുക്കാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സംഘടന സഹായം നൽകും.

ക്രൈസ്തവർക്ക് വീണ്ടും ഒരുമിച്ചു കൂടാൻ ആഭ്യന്തരയുദ്ധത്തിൽ തകർന്ന ദേവാലയങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വീണ്ടും സഹായമെത്തിക്കും. യുവജനങ്ങൾക്ക് പ്രതീക്ഷ പകരാനും, സ്വന്തം രാജ്യത്ത് തന്നെ നിൽക്കുന്നത് പ്രോത്സാഹിപ്പിക്കാനും അഞ്ഞൂറോളം യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകളും സംഘടന നൽകും. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഡയറക്ടർ ഓഫ് പ്രോജക്ട്സ് പദവി വഹിക്കുന്ന റെജീന ലിഞ്ച് ദമാസ്കസ് കോൺഫറൻസിൽ നേരിട്ട് പങ്കെടുത്ത് രാജ്യത്തെ ക്രൈസ്തവരുടെ ദുരവസ്ഥ മനസ്സിലാക്കിയിരുന്നു. ഏതൊക്കെ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് തീരുമാനമെടുക്കാൻ റെജീനയുടെ അനുഭവങ്ങൾ സഹായകരമായെന്ന് സംഘടന പ്രസ്താവിച്ചു.

സിറിയയിലെ ജനങ്ങൾ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും, അവർ കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തുന്നത് സഭയുടെ പദ്ധതികളിലാണെന്നും റെജീന ലിഞ്ച് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ആയിരുന്നു ആഭ്യന്തര യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ക്രൈസ്തവരുടെ അംഗസംഖ്യ. ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം വലിയ പീഡനങ്ങൾ അഭിമുഖീകരിച്ച ക്രൈസ്തവരിൽ നിരവധിപേർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ സിറിയയിലെ ജനങ്ങളോടുള്ള തന്റെ സ്നേഹം പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിസ്മരിക്കപ്പെട്ടിട്ടില്ലായെന്നും, അവരുടെ ക്ഷേമത്തെ പറ്റി സഭയ്ക്ക് ആശങ്കയുണ്ടെന്നും സൂചിപ്പിച്ച് ഡമാസ്കസ് കോൺഫറൻസിനോട് അനുബന്ധിച്ച് പാപ്പ സിറിയയിലെ ക്രൈസ്തവ വിശ്വാസികൾക്ക് കത്തയച്ചിരുന്നു.


Related Articles »