News - 2025

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥ നൈജീരിയന്‍ മെത്രാനുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 19-06-2022 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലേറെ ക്രൈസ്തവ വിശ്വാസികളുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥ നൈജീരിയയിലെ പ്രാദേശിക മെത്രാനുമായി കൂടിക്കാഴ്ച നടത്തി. സൂം ടെലികോണ്‍ഫറന്‍സു വഴിയായിരുന്നു യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പൊളിറ്റിക്കല്‍ അഫയേഴ്സ് വിക്ടോറിയ നുലാന്‍ഡും ബിഷപ്പ് ജൂഡ് ആറോഗുണ്ടാഡെയുമായുള്ള കൂടിക്കാഴ്ച. ന്യൂ ജേഴ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്മിത്ത് നൈജീരിയന്‍ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

സ്മിത്ത് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും ആശങ്കകള്‍ ഉന്നയിക്കുവാനുള്ള അവസരം ലഭിച്ചതായി തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും സ്മിത്തിന്റെ പ്രസ്സ് സെക്രട്ടറിയായ മൈക്കേല്‍ ഫിനാന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. തന്റെ നൈജീരിയന്‍ യാത്രക്കിടയില്‍ ബിഷപ്പ് അരോഗുണ്ടാഡെയെ കാണണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് താന്‍ വിക്ടോറിയയ്ക്ക് എഴുതിയ കത്തുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്‍ 15-ന് സ്മിത്ത് പ്രസ്താവന പുറത്തുവിട്ടിരുന്നു. ജൂണ്‍ 5-ന് ഒണ്ടോ സംസ്ഥാനത്തേ ഓവോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലുണ്ടായ ഭീകരമായ ആക്രമണത്തിന് ശേഷം വരുവാനിരിക്കുന്ന നൈജീരിയന്‍ സന്ദര്‍ശനത്തിനിടയില്‍ ഒണ്‍ഡോ മെത്രാന്‍ അരോഗുണ്ടാഡെയുമായി കൂടിക്കാഴ്ച നടത്തുവാന്‍ സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് സ്മിത്തിന്റെ കത്തില്‍ പറയുന്നു.

തെക്കന്‍ മേഖലയിലുള്ള ക്രിസ്തീയ ഭൂരിപക്ഷ മേഖലകളിലേക്കും, എണ്ണ ഉല്‍പ്പാദന മേഖലകളിലേക്കും ആക്രമണങ്ങള്‍ പടരുന്നത് ആശങ്കാജനകമാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയില്‍ 21.6 കോടി ജനങ്ങളാണ് ഉള്ളത്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ലെന്ന്‍ സ്മിത്ത് ചൂണ്ടിക്കാട്ടി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അന്താരാഷ്ട്ര മതസ്വാതന്ത്യം സംബന്ധിച്ച തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ 'ഓപ്പണ്‍ഡോഴ്സ് യു.എസ്.എ' യുടെ കണക്കനുസരിച്ച് നൈജീരിയയില്‍ ഓരോ രണ്ടു മണിക്കൂറിലും ഓരോ ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം സ്മിത്ത് തന്റെ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ഈ കണക്കുവെച്ച് നോക്കുമ്പോള്‍ ഓരോ ദിവസവും ഏതാണ്ട് 13 ക്രൈസ്തവര്‍ വീതവും ഓരോ മാസം 372 ക്രൈസ്തവര്‍ വീതവും വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ട മൊത്തം ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 80% നൈജീരിയയില്‍ ആണെന്നാണ് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. മതപീഡനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളെക്കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ ഇക്കൊല്ലത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.


Related Articles »