News
മെക്സിക്കന്‍ വൈദികര്‍ക്ക് വിട: കൊല്ലപ്പെട്ടത് ദശാബ്ദങ്ങളായി പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍
പ്രവാചകശബ്ദം 24-06-2022 - Friday
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആയുധധാരിയായ അക്രമിയെ ഭയന്ന്‍ പ്രാണരക്ഷാര്‍ത്ഥം ദേവാലയത്തിനുള്ളിലേക്ക് ഓടിക്കയറിയ അപരിചിതനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട ജെസ്യൂട്ട് സമൂഹാംഗങ്ങളായ രണ്ടു കത്തോലിക്ക വൈദികര്‍ക്ക് രാജ്യം വിട നല്‍കി. വിദൂരഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ സഹായത്തിനായി ദശാബ്ദങ്ങളായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരായിരിന്നു ഈ വൈദികരെന്ന് സഹ പുരോഹിതര്‍ വെളിപ്പെടുത്തി. ഫാ. ജാവിയര്‍ കാംപോസും, ഫാ. ജോവാക്കിന്‍ മോറയുമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച താരഹുമാരയിലെ സെറോകാഹുയിലെ ചെറു ദേവാലയത്തില്‍ വെച്ച് തങ്ങള്‍ രക്ഷിക്കുവാന്‍ ശ്രമിച്ച ടൂറിസ്റ്റ് ഗൈഡിനൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടത്.
മെക്സിക്കോയിലെ പര്‍വ്വത മേഖലയായ താരഹുമാരയില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള റോഡുകള്‍ വരുന്നതിനു മുന്‍പേ തന്നെ പഴയ മോട്ടോര്‍ സൈക്കിളില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ എത്തി അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സേവനം ചെയ്തുവരികയായിരുന്നു ഫാ. ജാവിയര്‍ കാംപോസ്. പക്ഷികളെ അനുകരിക്കുവാനുള്ള കഴിവും, പാട്ടിനോടുള്ള ഇഷ്ടവും അദ്ദേഹത്തിന് ‘ഗാലോ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ഫാ. ജോവാക്കിനും പലപ്പോഴും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പര്‍വ്വത മേഖലയില്‍ ലഹരി മാഫിയ ഓപ്പിയവും, കഞ്ചാവും ഉപയോഗിച്ച് പിടിമുറുക്കുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് കടത്തുകാരുടെ അമിതമായ സ്വാധീനത്തെ ചെറുക്കുവാനും ഒരു ധാര്‍മ്മിക ലോകം കെട്ടിപ്പടുക്കുവാനും ഇരുവരും ശ്രമിച്ചുവെന്നും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ വഴി ഇരുവരും പ്രാദേശിക സമൂഹവുമായി വളരെയേറെ ഇഴുകി ചേര്‍ന്നുകഴിഞ്ഞിരുന്നുവെന്നുമാണ് മറ്റ് പുരോഹിതര്‍ പറയുന്നത്.
അനേകര്‍ ഇവരെ ബഹുമാനിച്ചിരുന്നുവെന്നും, അവരുടെ വാക്കുകള്‍ക്ക് സമൂഹത്തില്‍ വലിയ വിലയുണ്ടായിരുന്നുവെന്നും ജെസ്യൂട്ട് വൈദികനായ ഫാ. ജോര്‍ജ്ജ് അറ്റിലാനോ പറഞ്ഞു. മേഖലയിലെ ലഹരി മാഫിയയുടെ സ്വാധീനം ഗൗരവമേറിയ കാര്യമായി മാറിയിരിക്കുകയാണ്. കാര്യങ്ങള്‍ നിയന്ത്രണാധീതമായികൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ അവസാനമായി സംസാരിച്ചപ്പോള്‍ ഫാ. കാംപോസ് തന്നോട് പറഞ്ഞതായി തെക്കന്‍ മെക്സിക്കോയിലെ ജെസ്യൂട്ട് സുപ്പീരിയറും, ഫാ. കാംപോസിന്റെ സുഹൃത്തുമായ ഫാ. പെഡ്രോ ഹുംബെര്‍ട്ടോ പറഞ്ഞു. കൊല്ലപ്പെട്ട വൈദികരുടെ ജീവന് ഭീഷണി ഉണ്ടായിരുന്നോയെന്ന് ഫാ. പെഡ്രോക്ക് അറിവില്ല. ഇരു വൈദികരുടെയും പ്രായം കണക്കിലെടുത്ത് അവരെ മേഖലയില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും ഇരുവരും വിസമ്മതിക്കുകയായിരുന്നു.
.ഇതിനിടെ കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പാസ് ഒബ്രാഡോര്‍ പറഞ്ഞു. നോറിയല്‍ പോര്‍ട്ടില്ലോ ഗില്‍ അഥവാ ‘എല്‍ ചുവേക്കോ’ എന്നറിയപ്പെടുന്ന വ്യക്തിയെ തേടിയുള്ള “വാണ്ടഡ്” പോസ്റ്ററുകള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കാണിച്ചുതരുന്നവര്‍ക്ക് 25000 ഡോളറാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഫാ. കാംപോസും, മോറയും ഉള്‍പ്പെടെ ഏഴ് വൈദികര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സഭയുടെ മള്‍ട്ടി മീഡിയ സെന്റര്‍ വ്യക്തമാക്കിയിരിന്നു. അക്രമത്തെ തങ്ങള്‍ വകവെക്കില്ലെന്നും മെക്സിക്കോയിലെ തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോവുമെന്നുമായിരുന്നു മെക്സിക്കോയിലെ ജെസ്യൂട്ട് സമൂഹത്തിന്റെ തലപ്പത്തിരിക്കുന്ന ലൂയിസ് ജെറാര്‍ഡോ മോറോയുടെ പ്രതികരണം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക