News - 2025

പാവങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട കന്യാസ്ത്രീകളെ നാടുകടത്തി നിക്കരാഗ്വേ സര്‍ക്കാരിന്റെ ക്രൂരത

പ്രവാചകശബ്ദം 08-07-2022 - Friday

മനാഗ്വേ: സ്വേച്ഛാധിപത്യ നിലപാടുമായി ക്രൂര ഭരണം കാഴ്ചവെയ്ക്കുന്ന നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടം പാവങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട കന്യാസ്ത്രീകളെ കാല്‍നടയായി അതിര്‍ത്തി കടത്തി. അഗതികളുടെ അമ്മയായ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ 18 കന്യാസ്ത്രീകളെയാണ് നിക്കരാഗ്വേ സര്‍ക്കാര്‍ കാല്‍നടയായി അതിര്‍ത്തി കടത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗവും പോലീസും ചേര്‍ന്ന് ഇവരെ അതിര്‍ത്തി രാജ്യമായ കോസ്റ്റാറിക്കയിലേക്ക് കൊണ്ടുപോയെന്ന്‍ അന്തര്‍ദേശീയ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാട് കടത്തപ്പെട്ടവരില്‍ ഏഴ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

അഗതി മന്ദിരങ്ങള്‍, നേഴ്സറി സെന്റര്‍, പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള വേണ്ടിയുള്ള അഭയകേന്ദ്രം തുടങ്ങിയവ നടത്തുവാനുള്ള കുടുംബ മന്ത്രാലയത്തിന്റെ അംഗീകാരം മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കില്ലെന്നാണ് ഏകാധിപതിയ്ക്കു സമമായി പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആരോപിക്കുന്നത്. എന്നാല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഭരണകൂടം കാഴ്ചവെയ്ക്കുന്ന ക്രൂര ഭരണത്തെയും സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ കത്തോലിക്ക സഭ ഏറ്റവും ശക്തമായ വിധത്തില്‍ രംഗത്ത് വന്നിരിന്നു. ഇതൊക്കെയാണ് നിക്കരാഗ്വേ ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുപക്ഷത്തിലാക്കിയത്.

1988 മുതല്‍ നിക്കരാഗ്വേയിലെ ദരിദ്രരെ സേവിക്കുന്നതിനായി സന്യാസിനീസമൂഹം ആതുരശുശ്രൂഷ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നേഴ്‌സറികള്‍ എന്നിവ നടത്തിയിരുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ മറ്റ് 100 എന്‍ജിഒകളുടെയും പിരിച്ചുവിടല്‍ ജൂണ്‍ 29ന് ദേശീയ അസംബ്ലി അടിയന്തര അടിസ്ഥാനത്തില്‍ യാതൊരു ചര്‍ച്ചയും കൂടാതെ അംഗീകരിച്ചിരുന്നു. സ്വേച്ഛാധിപത്യത്തിന് നിക്കരാഗ്വേയിലെ കത്തോലിക്ക സഭക്കെതിരെ ഒരു മുന്നണി യുദ്ധമുണ്ടെന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം കോസ്റ്റാറിക്കയിലേക്ക് എത്തിച്ചേര്‍ന്ന കന്യാസ്ത്രീകളെ തിലറൻ-ലൈബീരിയ രൂപത ബിഷപ്പ് മാനുവൽ യൂജെനിയോ സലാസർ മോറ ഏറെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.

നിക്കരാഗ്വേയിലെ സഭയ്‌ക്കുവേണ്ടിയും അതിലെ മെത്രാന്‍മാര്‍ക്കും വൈദികർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളുടെ മാതൃകയ്ക്കും അർപ്പണബോധത്തിനും ദരിദ്രർക്കുള്ള സേവനത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിക്കാരാഗ്വേയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്നു റിപ്പോര്‍ട്ട് വന്നിരിന്നു.


Related Articles »