News - 2025

വയോധികര്‍ക്കു വേണ്ടിയുള്ള ആഗോളദിനം ഇന്ന്: പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

പ്രവാചകശബ്ദം 24-07-2022 - Sunday

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശിമുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ഇന്നു ആചരിക്കപ്പെടുന്നു. "വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീ. 92:14) എന്നതാണ് ദിനത്തിന്റെ പ്രമേയം. ഇന്ന് ഞായറാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10.00 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചക്ക് 01:30) വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസ് പരിശുദ്ധ പിതാവിന്റെ കൽപ്പനപ്രകാരം ദിവ്യബലിക്ക് നേതൃത്വം നൽകും.

2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഈ വർഷത്തെ ബുധനാഴ്ചകളിലുള്ള പാപ്പയുടെ പൊതുജന കൂടിക്കാഴ്ചകളിൽ ഭൂരിഭാഗവും വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പ പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗവും പ്രായമായവർക്കുള്ളവർക്ക് വേണ്ടിയുള്ളതാണ്. അതേസമയം ഇന്നു പൂർണ ദണ്ഡവിമോചനം നേടാന്‍ അവസരം ഉണ്ടെന്ന് വത്തിക്കാൻ അപ്പസ്തോലിക പെനിറ്റൻഷ്യറി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്താണ് ദണ്ഡവിമോചനം? ‍

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. വത്തിക്കാന്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.

ദണ്ഡവിമോചനം ലഭിക്കാന്‍ എന്തുചെയ്യണം? ‍

1. ഇന്നു തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദർശിക്കുക.

2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്നേഹ സംഭാഷണം നടത്തുക.

3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുർബാന ഇന്നു സ്വീകരിക്കണം.

4. പാപത്തിൽ നിന്നു അകന്ന്‍ ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക.

5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക.

പ്രായമായവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കാന്‍: ‍

1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക. (മാധ്യമങ്ങള്‍ മുഖാന്തിരം; വത്തിക്കാനിലെ തിരുകര്‍മ്മങ്ങള്‍ ഇന്ത്യന്‍ സമയം ഇന്നു ഉച്ചക്ക് 01;30 മുതല്‍ യൂട്യൂബില്‍ തത്സമയം കാണാം- Vatican Media Youtube Channel)

2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ കാഴ്ചവെയ്ക്കുക.

3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 776