News - 2025

ഇന്തോനേഷ്യയില്‍ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ച് പാഠഭാഗം; സമ്മര്‍ദ്ധത്തിന് ഒടുവില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍

പ്രവാചകശബ്ദം 05-08-2022 - Friday

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ചതില്‍ പ്രതിഷേധം. ‘പാന്‍കാസില ആന്‍ഡ്‌ സിറ്റിസന്‍ഷിപ്പ് എജ്യൂക്കേഷന്‍’ എന്ന പുസ്തകത്തിലാണ് വിശ്വാസത്തിന് വിരുദ്ധമായ ഉള്ളടക്കമുള്ളത്. രണ്ട് ഇസ്ലാം മതസ്ഥര്‍ ചേര്‍ന്ന്‍ തയ്യാറാക്കിയ പുസ്തകത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ ത്രിത്വത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത് “ദൈവം, മാതാവ്, യേശു ക്രിസ്തു” എന്നാണ്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് ജൂലൈ 26-ന് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്ന ഒരു വീഡിയോ പെട്ടെന്ന് തന്നെ വൈറലായിരിന്നു.

ഇതിന് പിന്നാലേ ഇന്തോനേഷ്യയിലെ വിവിധ ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസിന്റെ പ്രതിനിധി, ഫാ. സ്റ്റെഫാനൂസ് സിജിറ്റ് പ്രാനോടോ പാഠപുസ്തകം പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ജക്കാര്‍ത്ത ആസ്ഥാനമായുള്ള ഡ്രിയാര്‍ക്കര സ്കൂള്‍ ഓഫ് ഫിലോസഫിയിലെ ഡോഗ്മാറ്റിക് തിയോളജി ലെക്ച്ചറായ ഫാ. ആന്‍ഡ്രിയാസ് അടാവോളോ ക്രൈസ്തവര്‍ എന്തിലാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് ഈ വീഡിയോയോട് പ്രതികരിച്ചത്. വിശ്വാസി സമൂഹം “പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്” എന്ന ത്രിയേക ദൈവത്തിലാണ് വിശ്വസിക്കുന്നതെന്നും, കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുകയല്ല മറിച്ച് വണങ്ങുകയാണ് ചെയ്യുന്നതെന്നും ഫാ. അടാവോളോയുടെ പ്രതികരണത്തില്‍ പറയുന്നു.

ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‍ പുസ്തകം പുനരവലോകനം ചെയ്യുവാന്‍ സഹായിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയോടും, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസിനോടും അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. പാഠപുസ്തകം വാങ്ങിച്ച കുട്ടികള്‍ക്ക് അധികം താമസിയാതെ തന്നെ പുനരവലോകനം ചെയ്ത പാഠപുസ്തകം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ 7.6% പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരും, 3.12% കത്തോലിക്ക വിശ്വാസികളുമാണുള്ളത്.

More Archives >>

Page 1 of 780