Faith And Reason - 2024
നിക്കരാഗ്വേയില്‍ മരിയന്‍ രൂപം സ്വീകരിക്കുവാന്‍ പോയ സംഘത്തെ പോലീസ് തടഞ്ഞു; പ്രാര്‍ത്ഥന കൊണ്ട് സാക്ഷ്യം തീര്‍ത്ത് വിശ്വാസികള്‍
പ്രവാചകശബ്ദം 16-08-2022 - Tuesday
മതഗല്‍പ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ നടപടികള്‍ വീണ്ടും തുടർക്കഥ. മതഗല്‍പ്പ കത്തീഡ്രലില്‍ നിന്നും ഫാത്തിമ മാതാവിന്റെ രൂപം സ്വീകരിക്കുന്നതില്‍ നിന്നും രണ്ടു കത്തോലിക്ക വൈദികരെയും വിശ്വാസികളെയും പോലീസ് വിലക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് മനാഗ്വേയില്‍ നടന്ന മരിയന്‍ കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതയിലെ ഓരോ പ്രതിനിധി സംഘത്തിനും ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നല്‍കിയിരിന്നു. ടൂമാ ഇടവകയിലെത്തിയ പോലീസ് ഇടവക വികാരിയായ ഫാ. എറിക്ക് ഡിയാസിനോട് മരിയന്‍ രൂപം സ്വീകരിക്കുവാന്‍ മതഗല്‍പ്പയിലേക്ക് പോകുന്നത് നിരോധിച്ചിരിക്കുകയാണെന്ന് അറിയിക്കുകയായിരിന്നു. സാന്‍ ജോസ് ഒബ്രേരോ ഇടവക ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
പട്ടണത്തിന്റെ പ്രധാന കവലയില്‍ പോലീസ് പട്രോളിംഗ് ഉണ്ടെന്നും മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ മതഗല്‍പ്പയിലേക്ക് പോകുന്നവരെ ചോദ്യം ചെയ്ത് തിരിച്ചയക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പരിശുദ്ധ കന്യകാമാതാവിലൂടെ സഭയെയും വൈദികരെയും സംരക്ഷിക്കുവാന്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനിടെ പ്രദിക്ഷണത്തിന് വിവിധയിടങ്ങളില്‍ അനുമതി തടഞ്ഞെങ്കിലും കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുമിച്ച് കൂടിയ വിശ്വാസികള്‍ പതാകകള്‍ വീശിയും പ്രാര്‍ത്ഥന ഉറക്കെ ചൊല്ലിയും തങ്ങളുടെ വിശ്വാസം പങ്കുവെച്ചു. ''പരിശുദ്ധ ദൈവമാതാവ് നിക്കരാഗ്വേയുടേതാണ്', "നിക്കരാഗ്വേ ദൈവമാതാവിന്റെതാണ്" തുടങ്ങീ വിവിധ മുദ്രാവാക്യ വിളികളും ഇതിനിടെ വിശ്വാസികള്‍ മുഴക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ച എല്‍ ടൂമായില്‍ വെച്ച് നൂയെസ്ട്രാ യിലെ സെനോര ഡെ ഫാത്തിമ ഇടവകവികാരിയായ ഫാ. ഫെര്‍ണാണ്ടോ കലേരോയെ പോലീസ് തടയുകയും അവരുടെ വാഹനം പരിശോധിച്ച് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മതഗല്‍പ്പ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചില്ലായെന്നും ഫാ. ഫെര്‍ണാണ്ടോ കലേരോ വെളിപ്പെടുത്തി. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ സമീപകാലത്തായി ശക്തമായിരിക്കുകയാണ്.
2018 മുതല്‍ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ടിച്ചു വന്നിരുന്ന മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനേയും, മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെയും പുറത്താക്കിയ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജനാധിപത്യത്തെ പിന്തുണക്കുന്ന കത്തോലിക്ക സഭാനിലപാടാണ് സഭയെ ഒര്‍ട്ടേഗയുടെ ശത്രുവാക്കിയത്. മതഗല്‍പ്പ രൂപതാധ്യക്ഷനായ റൊണാള്‍ഡോ അല്‍വാരെസിനെ അഞ്ചു വൈദികർക്കും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, മൂന്ന്‍ അത്മായര്‍ക്കുമൊപ്പം ഓഗസ്റ്റ് 4 മുതല്‍ പോലീസ് വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക