News

ശ്രീലങ്കൻ സർക്കാരിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത കത്തോലിക്ക വൈദികന് ജാമ്യം

പ്രവാചകശബ്ദം 18-08-2022 - Thursday

കൊളംബോ: ശ്രീലങ്കൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത കത്തോലിക്ക വൈദികനായ ഫാ. അമില ജീവാന്ത പെരസിന് ജാമ്യം ലഭിച്ചു. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. രത്നപുര രൂപതയിൽ സേവനം ചെയ്യുന്ന ഫാ. അമില ജീവാന്ത സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും, കെടുകാര്യസ്ഥതയ്ക്കെതിരെയും കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരിന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീട്ടിലും, കൊളംബോയ്ക്ക് 89 മൈലുകൾ അകലെയുള്ള ബാലൻഗോഡയിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ദേവാലയത്തിലും വൈദികനെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു.

ഓഗസ്റ്റ് 9നാണ് അറസ്റ്റ് തടയാൻ വേണ്ടി അമില ജീവാന്ത സുപ്രീംകോടതിയിൽ നൽകിയ പെറ്റീഷനിൽ വാദം കേട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി സംഘടിച്ചവരുടെ കൂട്ടത്തിൽ പങ്കുചേർന്നു തുടങ്ങിയ കുറ്റങ്ങളാണ് പൊതു ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വൈദികനെതിരെ ഉന്നയിക്കപ്പെട്ടത്. 2022 മാർച്ച് മാസത്തിലാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നത്. പരാജയപ്പെട്ട രാജ്യമാകുന്നതിൽ നിന്ന് ശ്രീലങ്കയെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഏപ്രിൽ മാസം രാജ്യത്തെ മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ അരക്ഷിതാവസ്ഥയെയും പ്രതിഷേധത്തെയും തുടർന്ന് മെയ് ഒന്‍പതാം തീയതി മഹീന്ദ രജപക്സ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. മെയ് 12നു പ്രസിഡന്റ് ഗോട്ടബയ രജപക്സ, റനിൽ വിക്രമസിംഗയെ രാജ്യത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ ഒന്‍പതാം തീയതി നൂറുകണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ കൊട്ടാരം വളയുകയും, ഗോട്ടബയ രജപക്സ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് അവിടെനിന്നും രക്ഷപ്പെടേണ്ടി വന്നു. ഇതിനെ തുടർന്ന് റനിൽ വിക്രമസിംഗ ആക്ടിംഗ് പ്രസിഡന്‍റായി നിയമിതനായി.

സർക്കാർ കെട്ടിടങ്ങൾ വിട്ടുപോകാമെന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനങ്ങളുടെ പോരാട്ടം വീണ്ടും തുടർന്നു. പ്രതിഷേധക്കാരുടെ നേർക്ക് സർക്കാർ നടത്തുന്ന അതിക്രമങ്ങളെ ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിരുന്നു. യുവജനങ്ങൾ അടക്കമുള്ളവരെ വളരെ ക്രൂരമായി പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ ഫാ. അമില ജീവാന്തയും ആശങ്ക പങ്കുവെച്ചിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »