News - 2025

പഞ്ചാബില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം

പ്രവാചകശബ്ദം 31-08-2022 - Wednesday

ജലന്ധര്‍: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലെ പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി ആക്രമണം. ദേവാലയത്തിലെ ദൈവമാതാവിന്റെ രൂപം അക്രമികള്‍ തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്‍ പുലര്‍ച്ചെ 12:45-ന് “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയായിരിന്നു. മാതാവിന്റെയും ഈശോയുടെയും ശിരസുള്‍പ്പെടുന്ന ഭാഗമാണ് തകര്‍ത്തത്. ഇടവക വികാരിയായ ഫാ. തോമസ്‌ പൂച്ചാലിലിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. സെക്യൂരിറ്റി ഗാര്‍ഡിന് നേരെ അക്രമികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്.

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ രൂപതയിലാണ് ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയം സ്ഥിതി ചെയ്യുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഫാ. തോമസ്‌ പൂച്ചാലില്‍ പറഞ്ഞു. പള്ളിയില്‍ കഴിയുന്നവരുടെ സുരക്ഷയ്ക്കും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനും മേഖലയില്‍ സമാധാനവും ശാന്തിയും ഉണ്ടാകുന്നതിനും ഇടവക മധ്യസ്ഥ കൂടിയായ പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കണമെന്നു ഫാ. പൂച്ചാലില്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

കത്തോലിക്ക ദേവാലയങ്ങളേയും, വൈദികരെയും, സന്യാസിനികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് സമീപകാലത്ത് ഇതുസംബന്ധിച്ച് പരാതിയുമായി സുപ്രീം കോടതിയേ സമീപിച്ച ക്രൈസ്തവ നേതൃത്വങ്ങളെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. സുപ്രീം കോടതിയെ സമീപിച്ച സംഘടനകള്‍ക്ക് നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

2022-ലെ ആദ്യ 103 ദിവസങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ഏറ്റവും ചുരുങ്ങിയത് 127-ഓളം ആക്രമണങ്ങള്‍ നടന്നുവെന്നു യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം നടത്തിയ ഒരു പഠനത്തില്‍ നിന്നും വ്യക്തമായിരിന്നു. കഴിഞ്ഞ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്കെതിരായ 486 അക്രമ സംഭവങ്ങളാണ് ഇന്ത്യയില്‍ അരങ്ങേറിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 786