News - 2025

മിഖായേൽ ഗൊർബച്ചേവിൻറെ നിര്യാണത്തിൽ പാപ്പയുടെ അനുശോചനം

പ്രവാചകശബ്ദം 02-09-2022 - Friday

വത്തിക്കാന്‍ സിറ്റി: സോവിയറ്റ് യൂണിയന്‍റെ അവസാനത്തെ പ്രസിഡൻറ് ആയിരുന്ന മിഖായേൽ ഗൊർബച്ചോവിൻറെ നിര്യാണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ദീർഘനാളായി രോഗബാധിതനായിരുന്ന ഗൊർബച്ചോവ് ആഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും രാഷ്ട്രതന്ത്രജ്ഞനായി കണ്ട എല്ലാവർക്കും ഹൃദയപൂര്‍വ്വമുള്ള അനുശോചനം അറിയിക്കുന്നതായി പാപ്പ പറഞ്ഞു. ജനങ്ങൾക്കിടയിലുള്ള യോജിപ്പിനും സാഹോദര്യത്തിനും ഒപ്പം സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കും സുപ്രധാനമായ മാറ്റങ്ങളുടെ സമയത്ത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നുവെന്നും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹത്തിൻറ മകൾ ഇറീന ഗൊർബച്ചോവിന് അയച്ച അനുശോചന സന്ദേശത്തിൽ പാപ്പ അനുസ്മരിച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനു നേതൃത്വം വഹിക്കുകയും ശീതയുദ്ധത്തിനു സമാധാനപരമായി വിരാമമിടുകയും ചെയ്ത മിഖായേൽ ഗൊർബച്ചോവ് 1985-ലാണ് സോവിയറ്റ് യൂണിയന്റെ പ്രസിഡൻറായത്. 1991 ഡിസംബർ 25 വരെ, 7 വർഷക്കാലത്തോളം, തൽസ്ഥാനത്തു തുടർന്ന അദ്ദേഹം സോവിയറ്റ് യൂണിയനെ ജനാധിപത്യവല്ക്കരിക്കുന്നതിനു ശ്രമിക്കുകയും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പരിഷ്ക്കരണവും നടപ്പിലാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭരണകാലത്തിൻറെ അവസാനഘട്ടത്തിലാണ് സോവിയറ്റ് റിപ്പബ്ലിക്കുകൾ ഓരോന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സോവിയറ്റ് യൂണ്യൻ 15 സ്വതന്ത്രരാഷ്ട്രങ്ങളായി മാറുകയും ചെയ്തത്. 1990-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു.

More Archives >>

Page 1 of 787