News - 2025

യുക്രൈന്‍ അഭയാർത്ഥികളെ സഹായിക്കാൻ കത്തോലിക്ക സംഘടനകൾക്ക് സഹായം അനുവദിച്ച് തായ്‌വാൻ

പ്രവാചകശബ്ദം 13-09-2022 - Tuesday

തായ്പേയ് സിറ്റി: റഷ്യ- യുക്രൈന്‍ യുദ്ധം മൂലം അഭയാർത്ഥികളായി തീർന്ന യുക്രൈന്‍ സ്വദേശികളെ സഹായിക്കാനായി യൂറോപ്പിലെ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകൾക്ക് ഏഷ്യൻ രാജ്യമായ തായ്‌വാൻ സാമ്പത്തിക സഹായം കൈമാറി. റോമിലുളള സാന്ത സോഫിയ മൈനർ ബസിലിക്കയിൽ സെപ്റ്റംബർ അഞ്ചാം തീയതി യുക്രൈന് വേണ്ടി നടന്ന സമാധാന ബലിക്ക് ശേഷം മുൻ തായ്‌വാനീസ് വൈസ് പ്രസിഡന്റ് ചെൻ ചിയേൻ ജെനാണ് സർക്കാരിനെ പ്രതിനിധീകരിച്ച് 89,600 ഡോളർ കൈമാറിയതെന്ന് 'ഫോക്കസ് തായ്‌വാൻ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.

പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലെ അംഗം കൂടിയായ 71 വയസ്സുള്ള ചിയേൻ ജെൻ മൂന്ന് കത്തോലിക്ക സംഘടനകളെ കൂടാതെ സാന്ത സോഫിയ മൈനർ ബസിലിക്കയ്ക്കും പണം നൽകി. യുക്രൈൻ പൗരന്മാരുടെ വേദനയിൽ തായ്‌വാൻ പങ്കു ചേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചൈനയുടെ ഭീഷണിക്ക് മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പാഠം യുക്രൈനിൽ നിന്ന് തന്റെ രാജ്യം പഠിക്കുമെന്ന് കൂട്ടിച്ചേർത്തു. അതേ ദിവസം തന്നെ പേപ്പല്‍ ചാരിറ്റിയുടെ മുഖ്യ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയെയും ചിയേൻ ജെൻ നേരിൽ കാണുകയും, സന്നദ്ധ പ്രവർത്തനങ്ങൾക്ക് 35,081 ഡോളർ കൈമാറുകയും ചെയ്തു.

കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിനും, സോവറിൻ മിലിറ്ററി ഓർഡർ ഓഫ് മാൾട്ടയ്ക്കും 9 ദിവസം വത്തിക്കാനിൽ സന്ദർശനം നടത്തുന്ന ചിയേൻ ജെൻ പണം നൽകി. ഇതിനിടയിൽ ഇപ്പോൾ യുക്രൈനിൽ സന്ദർശനം നടത്തുന്ന കോണ്‍റാഡ് ക്രജേവ്സ്കി നിരവധി തവണ യുക്രൈനിലെ ജനതയ്ക്ക് സഹായം നൽകിയ തായ്‌വാൻ സർക്കാരിനും, ജനതയ്ക്കും നന്ദി രേഖപ്പെടുത്തി. രണ്ടുകോടി 40 ലക്ഷം ജനസംഖ്യയുള്ള തായ്‌വാനിൽ മൂന്നരലക്ഷം കത്തോലിക്ക വിശ്വാസികളാണുള്ളത്. തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള ഏക യൂറോപ്യൻ രാജ്യം വത്തിക്കാനാണ്.

More Archives >>

Page 1 of 789