News - 2025

ജിഹാദികളെ ഇല്ലാതാക്കണമെങ്കില്‍ യുവ തലമുറക്ക് നല്ല ഭാവി സമ്മാനിക്കണം: മൊസാംബിക്ക് മെത്രാന്റെ മുന്നറിയിപ്പ്

പ്രവാചകശബ്ദം 17-09-2022 - Saturday

മാപുടോ: ഇസ്ളാമിക തീവ്രവാദത്തിലേക്ക് തിരിയുന്ന ജിഹാദികള്‍ക്കുള്ള മറുപടി സൈനീക നടപടി മാത്രമല്ലെന്നും, അവര്‍ക്ക് നല്ലൊരു ഭാവി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ മാറ്റം വരുമെന്നും മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോക്ക് സമീപമുള്ള പെംബാ രൂപതയുടെ മെത്രാനായ മോണ്‍. ജൂലിയാസെ ഫെറേര സാന്ദ്രാമോ. യുവജനങ്ങള്‍ക്ക്‌ പുതിയ പ്രതീക്ഷ നല്‍കിയില്ലെങ്കില്‍ ജിഹാദി സംഘടനകളില്‍ ചേരുവാന്‍ പ്രലോഭിതരാകുമെന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന വിമതരേക്കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമുണ്ടെന്നും തന്റെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ യുദ്ധം തുടങ്ങിയതു മുതല്‍ ലോക ഭക്ഷ്യ പദ്ധതിയുടെ (ഡബ്യു.എഫ്.പി) പിന്തുണയുടെ അഭാവം കാബോ ഡെല്‍ഗാഡോയില്‍ അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ മെത്രാന്‍ ഇപ്പോള്‍ സഹായം അവസാനിപ്പിച്ചത് കാരണം മൊസാംബിക്കിലെ 8,50,000-ത്തിലധികം ഭവനരഹിതര്‍ പട്ടിണിയുടെ വക്കിലാണെന്നും, സമീപ കാല ആക്രമണങ്ങളെ തുടര്‍ന്ന്‍ 8,000-ത്തോളം പേര്‍ പുതുതായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കൂടാതെ ഒന്നും സാധ്യമല്ല. ആഗോള സമൂഹത്തിന്റെ പ്രഥമ പരിഗണനയില്‍ മൊസാംബിക് ഉണ്ടായിരിക്കണമെന്നും, ഇരകളില്‍ ഒന്നാം തരവും, രണ്ടാം തരവും ഉണ്ടാകുവാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു.

ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല പരിഹരിക്കപ്പെടേണ്ടതായ പ്രശ്നം. ഭവനരഹിതരുടെ പുനരധിവാസ കാര്യങ്ങളും, മാനസിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ജിഹാദി ആക്രമണങ്ങള്‍ അയല്‍ പ്രവിശ്യയായ നംബൂലയിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6-ന് വൈകിട്ട് ചിപെന്‍ മിഷനില്‍ നടന്ന ആക്രമണത്തില്‍ സിസ്റ്റര്‍ മരിയ ഡി കോപ്പി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട കാര്യവും ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജിഹാദി ആക്രമണങ്ങളേത്തുടര്‍ന്ന്‍ നിരവധി സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. കുടിയിറക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആയിരം കുട്ടികളെ സ്വീകരിച്ചിരുന്ന സ്കൂളുകള്‍ക്ക് ഇനി 3000 കുട്ടികളെ വീതം സ്വീകരിക്കേണ്ടതായി വരും. സംഘര്‍ഷത്തിന്റെ പരിഹാരത്തിന് സൈനീക നടപടിയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന തന്ത്രം തെറ്റാണെന്ന്‍ പറഞ്ഞ മെത്രാന്‍ യുവജനങ്ങളെ ലക്ഷ്യമിട്ടാണ് ജിഹാദി റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും, യുവജനങ്ങള്‍ക്ക്‌ പുതിയ ചക്രവാളങ്ങള്‍ കാണിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.


Related Articles »