News - 2025

യുക്രൈന്‍ ജനതയ്ക്കു പിന്തുണമായി ഫ്രഞ്ച് മെത്രാന്‍ സംഘത്തിന്റെ സന്ദര്‍ശനം

പ്രവാചകശബ്ദം 20-09-2022 - Tuesday

കീവ്: ഫ്രഞ്ച് മെത്രാന്‍ സമിതിയുടെ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് എറിക് ഡെ മൌലിന്‍-ബ്യൂഫോര്‍ട്ടും, ജനറല്‍ സെക്രട്ടറി ഹഗ് ഡെവോയിമോനും ഉള്‍പ്പെടെയുള്ള സംഘം യുദ്ധഭീകരതയാല്‍ കഷ്ട്ടപ്പെടുന്ന യുക്രൈനില്‍ സന്ദര്‍ശനം നടത്തി. ദ്വിദിന സന്ദര്‍ശനത്തിനായി യുക്രൈനില്‍ എത്തിയ ഫ്രഞ്ച് സഭാ നേതാക്കള്‍ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാട്ടോസ്ലാവ് ഷെവ്ചുക്കുമായി കൂടിക്കാഴ്ചയും നടത്തി. പ്രതിസന്ധികള്‍ക്കിടെ സന്ദര്‍ശനം നടത്തിയ മെത്രാന്‍മാര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് സഭാനേതൃത്വം നല്‍കിയത്. കീവിലെത്തി സന്ദര്‍ശിച്ചതിനും യുക്രൈന്‍ ജനതയെ പിന്തുണക്കുന്നതിനും സ്വിയാട്ടോസ്ലാവ് മെത്രാപ്പോലീത്ത നന്ദി അറിയിച്ചു.

യുദ്ധക്കാലത്ത് യുക്രൈന്‍ കത്തോലിക്ക സമൂഹം കടന്നുപോയ അനുഭവങ്ങളെ കുറിച്ചു അദ്ദേഹം വിവരിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകള്‍ അതിദയനീയമായിരിന്നെന്ന് അദ്ദേഹം പറഞ്ഞു. യുക്രേനിയന്‍ ജനതയ്ക്ക് ഫ്രഞ്ച് കത്തോലിക്കരുടെ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നതെന്ന്‍ ആർച്ച് ബിഷപ്പ് എറിക് ഡി മൗലിൻ-ബ്യൂഫോർട്ട് പറഞ്ഞു. നേരത്തെ ഫ്രഞ്ച് മെത്രാന്മാര്‍ കത്തോലിക്ക സമൂഹവുമായും ഓർത്തഡോക്‌സു സമൂഹവുമായും കൂടിക്കാഴ്ച നടത്തിയിരിന്നു.

കാരിത്താസും മറ്റ് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ നടത്തുന്ന മാനുഷിക സേവന കേന്ദ്രങ്ങളും ഇവര്‍ സന്ദർശിച്ചു. ഓര്‍ഡര്‍ ഓഫ് മാള്‍ട്ട, ചര്‍ച്ച് ഇന്‍ നീഡ്‌ ഫൗണ്ടേഷന്‍, കാത്തലിക് എയിഡ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഫ്രഞ്ച് സഭാനേതാക്കള്‍ യുക്രൈനില്‍ എത്തിയത്. യുദ്ധത്തിനു ഇരയായവര്‍ക്കിടയിലും, ഫ്രാൻസിലെ യുക്രേനിയൻ അഭയാർത്ഥികള്‍ക്കിടയിലും ഭക്ഷണവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ ലഭ്യമാക്കികൊണ്ട് സ്തുത്യര്‍ഹമായ സേവനമാണ് ഈ സംഘടനകള്‍ നടത്തി വരുന്നത്.


Related Articles »