Arts - 2024

'മദർ തെരേസ: നോ ഗ്രേറ്റർ ലവ്' ബോക്‌സ് ഓഫീസിൽ ഹിറ്റ്; നവംബറിൽ വീണ്ടും തിയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 10-10-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: കത്തോലിക്ക സന്നദ്ധ സംഘടനയായ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച “മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ്” എന്ന ഡോക്യുമെന്ററി സിനിമ ബോക്‌സ് ഓഫീസിൽ ഹിറ്റ്. ചിത്രത്തിന്റെ കളക്ഷന്‍ 1.2 മില്യൺ ഡോളർ നേടിയിട്ടുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ 3-4 തീയതികളിലായി അമേരിക്കയിലെമ്പാടുമുള്ള ആയിരത്തോളം തിയേറ്ററുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം വിജയമായതോടെ അടുത്ത മാസം ഡോക്യുമെന്ററി സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ 'നൈറ്റ്‌സ് ഓഫ് കൊളംബസ്' സുപ്രീം നൈറ്റ് പാട്രിക് കെല്ലി, ഡോക്യുമെന്ററിയുടെ വിജയത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. ചിത്രത്തിന്റെ വരുമാനം മദർ തെരേസയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ, ഡോക്യുമെന്ററി നവംബറിൽ തിയേറ്ററുകളിൽ തിരിച്ചെത്തുമെന്നും സ്പാനിഷ് ഭാഷ പതിപ്പ് പുറത്തിറക്കുമെന്നും ഫാത്തം ഇവന്റ്സ് അറിയിച്ചു. നവംബർ 2ന് യുഎസ്, യുകെ, കനേഡിയൻ തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും. തുടർന്ന്, നവംബർ 7ന്, യുഎസ് തിയേറ്ററുകളില്‍ സ്പാനിഷ് പതിപ്പ് പ്രദർശിപ്പിക്കും. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെ പ്രദര്‍ശനം കാണിക്കാനായി നൈറ്റ്‌സ് ഓഫ് കൊളംബസ് സംഘടന ഇടപെടല്‍ നടത്തിയിരിന്നു.

നേരത്തെ ഡോക്യുമെന്ററിക്കു ഫ്രാന്‍സിസ് പാപ്പ വിജയാശംസകള്‍ നേര്‍ന്നിരിന്നു. ജീവിതവും, സാക്ഷ്യവും ഏറെ ഫലങ്ങള്‍ നല്‍കിയ ഈ വിശുദ്ധയുടെ ജീവിതം പകര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും വിശുദ്ധി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'Mother Teresa: No Greater Love' എന്ന ഡോക്യുമെന്ററി ഗുണം ചെയ്യുമെന്നു പാപ്പ, പ്രൊഡ്യൂസര്‍ പാട്രിക് കെല്ലിക്ക് അയച്ച കത്തിലൂടെ ആശംസിച്ചിരിന്നു. ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും പ്രദര്‍ശിപ്പിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. കര്‍ദ്ദിനാള്‍ കോളേജിലെ ഡീനായ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രദര്‍ശനം കണ്ടിരിന്നു.


Related Articles »