News - 2025

തായ്‌ലൻഡിലെ ശിശുപരിപാലന കേന്ദ്രത്തിലെ കൂട്ടക്കൊല: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി

പ്രവാചകശബ്ദം 08-10-2022 - Saturday

റോം: തായ്‌ലൻഡിലെ ശിശുപരിപാലന കേന്ദ്രത്തിൽ നടന്ന വെടിവെയ്പ്പില്‍ 22 കുട്ടികളുൾപ്പടെ 34 പേർ കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഇന്നലെ ഒക്ടോബർ ഏഴാം തിയതി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട പാപ്പയുടെ അനുശോചന സന്ദേശം തായ്ലന്‍റിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ത്സഷാങ് ഇൻ-നാം പോളിനാണ് അയച്ചത്. ഭീകരമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പാപ്പ തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. നിരപരാധികളായ കുട്ടികൾക്കെതിരെ നടന്ന വിവരിക്കാന്‍ കഴിയാത്ത അക്രമത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ സാമീപ്യം പാപ്പ ഉറപ്പ് നൽകി. മുറിവേറ്റവർക്കും ദുഃഖിതരായ കുടുംബങ്ങൾക്കും ദൈവീകമായ രോഗശാന്തിയും സാന്ത്വനവും യാചിച്ച പാപ്പ, ശക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസമാണ് വടക്കു കിഴക്കൻ തായ്‌ലൻഡിലെ ചൈൽഡ് കെയർ സെന്ററില്‍ ഒരാൾ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 22 കുട്ടികളുൾപ്പടെ 34 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമി ഇവിടെ അതിക്രമിച്ച് കയറിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പടെ നാല് പേരെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് അക്രമി ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ തന്റെ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്ന് തായ്‌ലന്റ് പോലീസ് അറിയിച്ചു. അക്രമിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.

More Archives >>

Page 1 of 795