Faith And Reason
ഫാത്തിമായില്‍ നടന്ന മെഴുകുതിരി പ്രദിക്ഷിണത്തില്‍ പങ്കുചേര്‍ന്നത് ലോകമെമ്പാടും നിന്നുമെത്തിയ പതിനായിരങ്ങള്‍
പ്രവാചകശബ്ദം 14-10-2022 - Friday
ഫാത്തിമ: ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഫാത്തിമായില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം സമര്‍പ്പിച്ചതിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒക്ടോബര്‍ 12-ന് രാത്രിയില്‍ ദൈവമാതാവിന്റെ ബസിലിക്കയിലേക്ക് നടത്തിയ പ്രദിക്ഷിണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ കത്തിച്ച മെഴുകുതിരികളുമായി അണിചേര്‍ന്നു. ലെയിരിയായുടെയും ഫാത്തിമായുടെയും മെത്രാനായ മോണ്‍. ജോസ് ഓര്‍ണേലാസ് മനോഹരമായ പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയിലും നിരവധി തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ദേവാലയം തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നത്. കൈകള്‍ വിരിച്ചു നില്‍ക്കുന്ന ഈ ബസിലിക്ക, ആട്ടിടയര്‍ക്ക് മാതാവ് വെളിപാടുകള്‍ നല്‍കിയ ദൈവത്തിന്റെ അള്‍ത്താരയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയാണെന്ന്‍ മെത്രാന്‍ പറഞ്ഞു.
ഫാത്തിമയിലെ ഈ ദേവാലയം ഇവിടെ വരുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസവും, വ്യക്തിത്വവും ഊട്ടി ഉറപ്പിക്കുന്നതിനുമുള്ള സ്ഥലം കൂടിയാണെന്ന്‍ പറഞ്ഞ മെത്രാന്‍, സഹോദരരായ എല്ലാവരുടേയും സഹകരണത്തോടെ ഇപ്രകാരമാണ് ദൈവത്തിന്റെ ആലയം പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇവിടം സന്ദര്‍ശിക്കുന്നവര്‍ വന്നതുപോലെയല്ല തിരിച്ചു പോവുന്നത്. അതൊരു സാധാരണ മടക്കമല്ലെന്നും മെത്രാന്‍ സൂചിപ്പിച്ചു. നിത്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ദേവാലയം കണ്ടെത്തുന്നത് വരെ ജീവിതത്തിന്റെ പാതയില്‍ മുന്നേറുവാന്‍ ഈ കൂടിചേരല്‍ സഹായിക്കുമെന്നും, സഭ എന്ന നിലയില്‍ വിശ്വാസത്തില്‍ ഒരുമിക്കുവാനും, ക്രിസ്തുവിനെ ലോകത്ത് കൊണ്ടുവരുവാനും നമ്മെ പഠിപ്പിക്കുമെന്നും മെത്രാന്‍ പറഞ്ഞു. സമ്പത്തോ, വിദ്യാഭ്യാസമോ ഇല്ലെങ്കിലും വലിയ ഹൃദയങ്ങളുടെ ഉടമകളായ 3 കുട്ടികള്‍ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം സ്മരിച്ചു.
മാതാവിന്റെ മുഖത്തിന്റെ വെളിച്ചം അന്വേഷിച്ചാണ് ഈ തീര്‍ത്ഥാടനം നടത്തുന്നതെന്ന് പറഞ്ഞ മെത്രാന്‍, ഈ ആഘോഷം കഴിഞ്ഞ കാലത്തിന്റേയോ, ചെറു ആട്ടിടയരുടെ ചരിത്രത്തിന്റേയോ ഓര്‍മ്മപുതുക്കല്‍ അല്ലെന്നും നമുക്ക് ഓരോരുത്തര്‍ക്കും, ഓരോ തീര്‍ത്ഥാടകര്‍ക്കും ഒരുമിച്ച് ചേരുവാനുള്ള അവസരമാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം രോഗികളെ ആശീര്‍വദിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. തിരുസഭ അംഗീകരിച്ചിട്ടുള്ള മാതാവിന്റെ പ്രത്യക്ഷീകരണങ്ങളില്‍ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളും ഉള്‍പ്പെടുന്നു. 1917 ഒക്ടോബര്‍ 13-നാണ് ഫാത്തിമാ മാതാവ് അവസാനമായി കുട്ടികള്‍ക്ക് ദര്‍ശനം നല്‍കിയത്. അന്ന് സൂര്യന്‍ അഗ്നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് ചരിത്രപരമായി രേഖപ്പെടുത്തിയിട്ടുള്ളത്.