Faith And Reason - 2024
സകലർക്കുമായി വാതിൽ തുറന്നിടുന്ന സഭയാകുക: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 05-10-2022 - Wednesday
വത്തിക്കാന്‍ സിറ്റി: സിനഡാത്മക ശൈലിയുള്ള തിരുസഭ മറ്റുള്ളവരെ ശ്രവിക്കണമെന്നും കേവലം കേൾക്കൽ എന്നതിലുപരി തിരിച്ചറിവു പുലർത്തുന്നവളായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. സകലരുമൊത്ത് ഒരേ പാതയിൽ സഞ്ചരിക്കുകയെന്നതാണ് ദൈവം മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. തിങ്കളാഴ്ച (03/10/22) പ്രസിദ്ധീകരിച്ച ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗത്തിന്റെ രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ സിനഡിന്റെ പൊരുളന്തെന്നു വിശദീകരിച്ചത്. സിനഡ് എന്ന അർത്ഥം അതിൻറെ, മൂലപദമായ ഗ്രീക്കിൽ, ഒരുമിച്ചു നടക്കുക, ഒരേ സരണിയിൽ സഞ്ചരിക്കുക എന്നാണെന്ന് പാപ്പ ഓർമിപ്പിച്ചു. ഈ അവബോധം സഭ വീണ്ടെടുക്കേണ്ടതുണ്ടെന്ന് പാപ്പ പറയുന്നു.
വൈവിധ്യം അംഗീകരിക്കുകയും സഭയ്ക്ക് പുറത്തുള്ളവർക്കായി വാതിൽ തുറന്നിടുകയും ചെയ്തുകൊണ്ട് പരസ്പരം ശ്രവിക്കലാണ് ഇതിന്റെ വിവക്ഷയെന്ന് വിശദീകരിച്ചു. സിനഡ് - അഭിപ്രായ സമാഹരണവും യോഗം ചേരലുമല്ല, ഒരു കണക്കെടുപ്പല്ല, മറിച്ച് അത് പരിശുദ്ധാത്മാവിനെ ശ്രവിക്കലാണ്. അത് പ്രാർത്ഥിക്കലാണ്, പ്രാർത്ഥനയില്ലാതെ സിനഡ് ഉണ്ടാകില്ലായെന്ന് പാപ്പ വ്യക്തമാക്കുന്നു. സാമീപ്യത്തിന്റെ സഭ ആയിരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ക്ഷണിക്കുന്ന പാപ്പ - അത് ദൈവത്തിൻറെ ശൈലിയാണെന്ന് ഓർമ്മിപ്പിച്ചു. സഭ സുവിശേഷത്തോടുമെന്നും വിശ്വസ്തത പുലർത്തണമെന്നും സാഹോദര്യത്തിൻറെയും സ്വാഗതം ചെയ്യലിന്റെയും ഒരു സമൂഹമായിരിക്കുകയും ചെയ്യുന്നതിനുമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.