Faith And Reason
യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥന: യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് കുൽബൊക്കാസ്
പ്രവാചകശബ്ദം 12-10-2022 - Wednesday
കീവ്: യുക്രൈന് നേരെയുള്ള റഷ്യയുടെ അടിച്ചമര്‍ത്തല്‍ രൂക്ഷമാകുന്നതിനിടെ യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥനയാണെന്ന്‍ ഓര്‍മ്മിപ്പിച്ച് യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് വിശ്വൽദാസ് കുൽബോകാസ്. യുദ്ധാന്ത്യത്തിന് പ്രാർത്ഥനയും യുദ്ധത്തിനു കാരണക്കാരായവരുടെ മാനസാന്തരവും അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും വത്തിക്കാൻ മാധ്യമ വിഭാഗത്തിനു അനുവദിച്ച അഭിമുഖത്തിൽ ആര്‍ച്ച് ബിഷപ്പ് പറയുന്നു.
തങ്ങളുടെ ഏക ആവശ്യം സമാധാനമാണെന്നും അല്ലാത്തപക്ഷം, തങ്ങൾ വലിയ വേദനയില്‍ കഴിയേണ്ടിവരുമെന്ന് ഏതാനും അമ്മമാർ തന്നോടു പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. ഫെബ്രുവരി 24ന് റഷ്യ യുക്രൈനിൽ ആരംഭിച്ച സായുധ പോരാട്ടം എട്ടുമാസത്തോടു അടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച ആര്‍ച്ച് ബിഷപ്പ്, പതിക്കുന്ന ഓരോ മിസൈലും ബോംബും മരണവും നാശനഷ്ടങ്ങളും വിതച്ചുകൊണ്ടിരിക്കയാണെന്നും സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും പറഞ്ഞു.
പരിവർത്തനം ചെയ്യുന്ന ഒരു ആത്മീയ അനുഭവമാണ് പ്രാര്‍ത്ഥന. അത് ദൈവവുമായി കൂടുതൽ കൂടുതൽ ഐക്യപ്പെടാൻ നമ്മെ സഹായിക്കുന്നു. അവിടെ സ്ഥിരതയുടെ വളരെ ശക്തമായ ഒരു വശമുണ്ട്, കാരണം നാം നിരന്തരം ദൈവത്തിൽ ആശ്രയിക്കുന്നു. എല്ലാവർക്കും ഈ അഗാധമായ ആത്മീയ അനുഭവം ഉണ്ടെന്ന് എനിക്ക് പറയാനാവില്ല, എന്നാൽ അത്തരം നിരവധി സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്. മാർപാപ്പ എപ്പോഴും സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു, അത് പ്രത്യക്ഷത്തിൽ മാത്രമല്ല, അത് ഒരു യഥാർത്ഥ സമാധാനമാണ്. നമുക്ക് വേണ്ടത് സമാധാനത്തിന്റെ ദൃശ്യങ്ങൾ മാത്രമല്ല, യഥാർത്ഥ സമാധാനവും ഹൃദയത്തിന്റെ യഥാർത്ഥ മാറ്റവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യുക്രൈന് നേരെയുള്ള റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തെ ജനവാസ കേന്ദ്രങ്ങൾക്കും ആശുപ്രതികൾക്കും നേരെ ശക്തമായ ആക്രമണമാണ് റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനവാസ കേന്ദ്രങ്ങളിലും മാളുകളിലും ബസ് സ്റ്റേഷനുകളിലുമെല്ലാം റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഓരോ റോക്കറ്റ് ആക്രമണത്തിൽ ഇരുപത് മുതൽ നൂറുവരെ ആൾക്കാരാണ് മരിക്കുന്നത്. യുക്രൈനിൽ നിന്നു പിടിച്ചടക്കി റഷ്യയിലേക്കു കൂട്ടിച്ചേർത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാലമായ കെർച്ച് പാലത്തിനു കേടുപാടുണ്ടാക്കിയ സ്ഫോടനത്തിനു പിന്നാലെയാണ് പ്രകോപിതരായി യുക്രൈന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.