News - 2024

വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ ജപ്പാനില്‍ ആദ്യ ഓര്‍ത്തഡോക്സ് ആശ്രമം

സ്വന്തം ലേഖകന്‍ 19-07-2018 - Thursday

അജിരോ, ജപ്പാന്‍: ജപ്പാന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന ആദ്യ ആശ്രമത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1861-ല്‍ ജപ്പാനില്‍ ഓര്‍ത്തഡോക്സ് വിശ്വാസം കൊണ്ടുവന്ന വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ പണിയുന്ന ആശ്രമ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ച വിവരം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ‘മൊണാസ്ട്രീസ് ആന്‍ഡ്‌ മൊണാസ്റ്റിസിസം സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജൂലൈ 7, 8 തിയതികളില്‍ ചേര്‍ന്ന ജപ്പാന്‍ ഓര്‍ത്തഡോക്സ് സഭാ സമിതി യോഗമാണ് പദ്ധതി ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്.

2005 ജൂലൈ 16-ന് പരിശുദ്ധ അലെക്സി II പാത്രിയാര്‍ക്കീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ സൂനഹദോസില്‍ ജപ്പാനിലെ ഓര്‍ത്തഡോക്സ് സന്യാസ ജീവിതത്തില്‍ പുത്തനുണര്‍വ് കൊണ്ടുവരണമെന്ന ടോക്കിയോയുടേയും, ജപ്പാന്‍ മുഴുവന്റേയും തലവനായ മെട്രോപ്പോളിറ്റന്‍ ഡാനിയലിന്റെ ആവശ്യം വിശദമായി ചര്‍ച്ച ചെയ്തിരിന്നു. മെട്രോപ്പോളിറ്റന്‍ ഡാനിയലിനെ സഹായിക്കുവാന്‍ ‘ഹോളി ട്രിനിറ്റി സെന്റ്‌ സെര്‍ജിയൂസ് ലാവ്ര, സഭാംഗമായ ഹൈറോമോങ്ക് ജെറാസിമിനെ (ഷെവ്ത്സോവ്) അയക്കുവാന്‍ സൂനഹദോസില്‍ പിന്നീട് തീരുമാനമായി.

ഇതിന്റെ അന്തിമ നടപടിയെന്ന നിലയില്‍ 2018 ജൂണ്‍ 22-ന് അജീരോ നഗരത്തില്‍ ആശ്രമം പണികഴിപ്പിക്കുന്നതിനുള്ള ഭൂമി വാങ്ങിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ജൂലൈ 3-ന് സന്യാസിമാരായ അര്‍ക്കിമാന്‍ഡ്രൈറ്റ് ജെറാസിമും, സോളമനും ആശ്രമത്തിന്റെ സുഗമമായ നിര്‍മ്മാണത്തിനായി നിര്‍ദ്ദിഷ്ട സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഓര്‍ത്തഡോക്സ് സഭയില്‍ അപ്പസ്തോലന്‍മാര്‍ക്ക് തുല്ല്യമായ സ്ഥാനമുള്ള വിശുദ്ധ നിക്കോളാസിന്റെ ലേഖനങ്ങളുടെ ജപ്പാന്‍ ഭാഷയിലുള്ള തര്‍ജ്ജമ ആലേഖനം ചെയ്തിട്ടുള്ള വലിയ അള്‍ത്താര പുതുതായി പണിയുന്ന ആശ്രമത്തിന്റെ സവിശേഷതയാണ്.


Related Articles »