Faith And Reason
ജപമാലയില്‍ 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍' കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം
പ്രവാചകശബ്ദം 20-10-2022 - Thursday
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതത്തിലെ വഴിവിളക്കും പ്രധാന പ്രാര്‍ത്ഥനകളിലൊന്നുമായ ജപമാലയില്‍ പരമ്പരാഗതമായുണ്ടായിരുന്ന 15 ദിവ്യരഹസ്യങ്ങള്‍ക്കൊപ്പം 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍' എന്നറിയപ്പെടുന്ന 5 ദിവ്യരഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം. 2002 ഒക്ടോബര്‍ 16-ന് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 'കന്യകാമറിയത്തിന്റെ ജപമാല' അഥവാ 'റൊസാരിയും വിര്‍ജിനിസ് മരിയെ' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ദിവ്യരഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തത്. ജപമാല പ്രാര്‍ത്ഥനയുടെ ചരിത്രവും, പ്രാധാന്യവും, ദിവ്യരഹസ്യങ്ങളും അത് ചൊല്ലുന്ന രീതിയും അപ്പസ്തോലിക ലേഖനത്തില്‍ പാപ്പ വിവരിച്ചിരിന്നു.
യേശുവിന്റെ പരസ്യ ജീവിതത്തിന്റെ ആരംഭമായ ജോര്‍ദ്ദാന്‍ നദിയിലെ മാമ്മോദീസ, ആദ്യമായി സ്വയം വെളിപ്പെടുത്തുന്ന കാനായിലെ കല്യാണം, ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം, യേശുവിന്റെ രൂപാന്തരീകരണം, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം തുടങ്ങി ക്രിസ്തുവിന്റെ പരസ്യജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ധ്യാന വിചിന്തനങ്ങളാണ് ‘പ്രകാശത്തിന്റെ ദിവ്യരഹസ്യ'ങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജപമാല മരിയന്‍ സ്വഭാവമുള്ള പ്രാര്‍ത്ഥനയാണെങ്കിലും, അതൊരു ക്രിസ്തു കേന്ദ്രീകൃത പ്രാര്‍ത്ഥനയാണെന്ന്‍ പാപ്പ അന്ന് സ്മരിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാര്‍ത്ഥന ജപമാലയാണെന്നും പാപ്പ വ്യക്തമാക്കിയിട്ടുള്ളതാണ്. ജപമാലയുടെ ക്രിസ്തു കേന്ദ്രീകൃതമായ സ്വഭാവത്തേ എടുത്തുകാണിക്കുന്നതാണ് പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങളെന്നു ‘റൊസാരിയും വിര്‍ജിനിസ് മരിയെ’യില്‍ പാപ്പ ചൂണ്ടിക്കാട്ടി.
വ്യക്തമായ ദൈവീക വെളിപാടെന്ന നിലയില്‍ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചാണ് പ്രകാശത്തിന്റെ രഹസ്യങ്ങളിലൂടെ ധ്യാനിക്കുന്നത്. ജോര്‍ദ്ദാനിലെ മാമ്മോദീസയില്‍ 'ഇവനെന്റെ പ്രിയപുത്രന്‍' എന്ന് പിതാവായ ദൈവം തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വരുവാനിരിക്കുന്ന ദൈവരാജ്യത്തെക്കുറിച്ച് പ്രഖ്യാപിക്കേണ്ടവനും, പ്രവര്‍ത്തികളിലൂടെ അതിന് സാക്ഷ്യം നല്‍കേണ്ടവനും ക്രിസ്തുവാണ്. ക്രിസ്തു എന്ന രഹസ്യം തന്നെയാണ് പ്രകാശത്തിന്റെ രഹസ്യമെന്നതും ഏറ്റവും കൂടുതല്‍ തെളിവായത് ക്രിസ്തുവിന്റെ പരസ്യജീവിതകാലത്ത് തന്നെയാണെന്നും “ലോകത്തായിരിക്കുമ്പോള്‍ ഞാനാണ് ലോകത്തിന്റെ പ്രകാശം” (യോഹന്നാന്‍ 9:5) എന്ന സുവിശേഷ വാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പ അന്നു ചൂണ്ടിക്കാട്ടി.
അതിനാല്‍ ജപമാല പൂര്‍ണ്ണമായും സുവിശേഷത്തിന്റെ ഒരു സംഗ്രഹമായി മാറുന്നതിന് സന്തോഷത്തിന്റെ രഹസ്യങ്ങള്‍, ദുഖത്തിന്റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നീ യേശുവിന്റെ രഹസ്യ ജീവിത രഹസ്യങ്ങള്‍ക്കൊപ്പം ക്രിസ്തുവിന്റെ പരസ്യ ജീവിതത്തേ കുറിച്ചുള്ള ചില രഹസ്യങ്ങളും അതില്‍ ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് പുതിയ രഹസ്യങ്ങള്‍ കൂട്ടിചേര്‍ക്കപ്പെട്ടത്. ക്രിസ്തീയ ആത്മീയതയിലേക്കുള്ള ഒരു വാതില്‍ എന്ന നിലയില്‍ ജപമാല സമര്‍പ്പണത്തിന് ഒരു പുതുജീവനും, നവോന്‍മേഷവും നല്‍കുവാനാണ് ഈ രഹസ്യങ്ങള്‍ ചേര്‍ത്തതെന്ന്‍ പാപ്പ പറയുന്നു. കാനായിലെ അത്ഭുതം വഴി ക്രിസ്തു അനുയായികളുടെ ഹൃദയങ്ങളെ വിശ്വാസത്തിലേക്ക് തുറന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ ഇടപെടലായിരുന്നു ഇതിന്റെ കാരണം. ദൈവരാജ്യ പ്രഘോഷണത്തിലൂടെ ക്രിസ്തു തുടക്കമിട്ട കരുണയുടെ പ്രേഷിതത്വം അനുരഞ്ജന കൂദാശ വഴി ഇന്നും തുടരുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണമാണ് പ്രകാശത്തിന്റെ രഹസ്യത്തിലെ ഏറ്റവും സവിശേഷമായ ധ്യാനം. ക്രിസ്തു തന്റെ ശരീര രക്തങ്ങള്‍ ഭക്ഷണമായി നല്‍കിയതിനാല്‍ അത് മനുഷ്യവംശത്തോടുള്ള യേശുവിന്റെ സ്നേഹത്തേയാണ് കാണിക്കുന്നതെന്നും, അതിനാല്‍ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവും പ്രകാശത്തിന്റെ രഹസ്യത്തിലെ പ്രധാന ധ്യാന വിഷയം തന്നെയാണെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അനുസ്മരിച്ചു. ജപമാലയില്‍ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തതോടൊപ്പം പാപ്പയുടെ ആഹ്വാന പ്രകാരം 2002 ഒക്ടോബര്‍ 16 മുതല്‍ 2003 ഒക്ടോബര്‍ 16 വരെ മരിയന്‍ വര്‍ഷമായി ആചരിക്കുകയും ചെയ്തിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക