News - 2025

ബെത്ലഹേമില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കു നേരെ ഇസ്ലാം മതസ്ഥരുടെ കല്ലേറ്: നിരവധി വിശ്വാസികള്‍ക്ക് പരിക്ക്

പ്രവാചകശബ്ദം 03-11-2022 - Thursday

ബെത്ലഹേം: യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേമിന് സമീപമുള്ള ക്രൈസ്തവ ദേവാലയത്തിനു നേരെ ഏതാനും ഇസ്ലാം മതസ്ഥര്‍ കല്ലേറ് നടത്തിയതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബെയിറ്റ് സാഹുറിലെ ഓര്‍ത്തഡോക്സ് ദേവാലയത്തിന് നേര്‍ക്ക് നടന്ന കല്ലേറില്‍ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നു ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറിനെ അപലപിച്ച ക്രിസ്ത്യന്‍ നേതാക്കള്‍ ഇതിനെതിരെ സത്വര നടപടികള്‍ കൈകൊള്ളണമെന്ന് പലസ്തീന്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ക്രൈസ്തവ വിശ്വാസിയും ഇസ്രായേലി മനുഷ്യാവകാശ പ്രവര്‍ത്തകനും നെസ്സെറ്റ് സ്ഥാനാര്‍ത്ഥിയുമായ ഷാദി ഖല്ലൌള്‍ ദേവാലയത്തിന് നേര്‍ക്ക് ഇസ്ലാം മതസ്ഥർ കല്ലെറിയുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ''അറബ് ലോകത്തെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണങ്ങളിലെ ക്രിസ്ത്യാനികള്‍ ഏതെങ്കിലും മുസ്ലീം മോസ്കിനെതിരെ കല്ലെറിയുന്നത് നിങ്ങളുടെ ജീവിതത്തില്‍ കണ്ടിട്ടുണ്ടോ?'' എന്ന ചോദ്യവുമായിട്ടാണ് ഖല്ലൌളിന്റെ പോസ്റ്റ്‌.

ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിലെ മെത്രാപ്പോലീത്തയായ അതള്ള ഹന്നാ ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടു. ‘അപ്രതീക്ഷിതമായ പ്രതിഭാസം’ എന്നാണ് ഈ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ബെയിറ്റ് സാഹൂറില്‍ സംഭവിച്ചത് ഭീതിജനകമാണെന്നും ജനതയുടെ പ്രതിച്ഛായ നശിപ്പിക്കുകയും പൊതു സമാധാനത്തെയും പലസ്തീന്‍ ജനതയുടെ മക്കളെന്ന നിലയില്‍ നമ്മെ ഒരുമിച്ച് നിർത്തുന്ന ബന്ധത്തെ നശിപ്പിക്കുകയും ചെയ്ത സംഭവമെന്ന് മെത്രാപ്പോലീത്ത പറഞ്ഞതായി ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ തീര്‍ക്കുവാനും, ജനങ്ങളുടെ ഐക്യം തകര്‍ക്കുവാനുമുള്ള സ്ഥലമല്ല ദേവാലയമെന്നും മെത്രാപ്പോലീത്ത പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

ആക്രമണത്തില്‍ താന്‍ ദുഃഖിതനും, രോഷാകുലനുമാണെന്നും പ്രമുഖ കത്തോലിക്ക നേതാവായ വാദി അബുനാസ്സര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അബുനാസ്സര്‍ പലസ്തീന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ ക്രൈസ്തവര്‍ക്ക് ഇസ്രായേലി അധികാരികളില്‍ നിന്നും, ഇസ്ലാം മതസ്ഥരില്‍ നിന്നും ഒരുപോലെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ് യു.എസ്.എ’ പറയുന്നു. അതേസമയം പലസ്തീനില്‍ ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് വിലക്കുണ്ട്. വെസ്റ്റ്‌ ബാങ്കിലെ നിയമങ്ങള്‍ മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ഗാസയില്‍ നിയമങ്ങള്‍ കര്‍ക്കശമാണ്.

More Archives >>

Page 1 of 801